കഴിഞ്ഞവർഷം കൊല്ലം ജില്ലയിൽ 27.83 കോടിയുടെ കാർഷിക നഷ്ടം
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: പ്രകൃതി ക്ഷോഭങ്ങളും വന്യജീവി ആക്രമണങ്ങളും മൂലം ജില്ലയിലെ കാർഷിക മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കനത്ത നാശനഷ്ടം. 2025ലെ കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ ആകെ 27.83 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
586.22 ഹെക്ടർ വിസ്തൃതിയിലായി 13,630 കർഷകരുടെ വിവിധ ഇനം കൃഷികളാണ് നശിച്ചത്. ശാസ്താംകോട്ട, കൊട്ടാരക്കര, അഞ്ചൽ, വെട്ടിക്കവല, പുനലൂർ, ചടയമംഗലം ബ്ലോക്കുകളിലാണ് നാശനഷ്ടം ഏറ്റവും കൂടുതൽ ഉണ്ടായത്.
വീട്ടുവളപ്പുകളിലും തരിശായ പാടങ്ങളിലും പറമ്പുകളിലും നടത്തിയ കൃഷികൾക്കും കനത്ത തിരിച്ചടിയേറ്റു. വാഴ, പച്ചക്കറികൾ, നെല്ല് എന്നിവക്കാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റും വെള്ളക്കെട്ടും കൃഷിയെ തകർത്തു.
ഏറ്റവുമധികം ദുരിതം ബാധിച്ചത് വാഴകർഷകരെയാണ്. 4.27 ലക്ഷം വാഴകളാണ് കഴിഞ്ഞവർഷം നശിച്ചത്. ഇതിൽ 2.57 ലക്ഷം വാഴകൾ കുലച്ചവയായിരുന്നു. 10,424 കർഷകരെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. വാഴകൃഷിയിൽ മാത്രം 22.23 കോടിയുടെ നഷ്ടമുണ്ട്. ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞുവീണതും വെള്ളക്കെട്ടിനെ തുടർന്ന് വേരുകൾ ചീഞ്ഞതുമാണ് പ്രധാന കാരണം.
ഇതോടൊപ്പം കിഴങ്ങുവിളകൾ, കുരുമുളക്, കവുങ്ങ്, എള്ള്, ഇഞ്ചി, ഗ്രാമ്പു, തെങ്ങ്, റബർ, മരച്ചീനി, പച്ചക്കറി തുടങ്ങിയ വിളകൾക്കും കാര്യമായ നാശനഷ്ടം നേരിട്ടു.
വിലയിടിവും പന്നിശല്യവും വെല്ലുവിളി
മഴയും കാട്ടുപന്നി ആക്രമണത്തിൽനിന്നും രക്ഷപെട്ട് കർഷകർ നട്ടുവളർത്തിയ വാഴ കുലച്ചപ്പോൾ, വിലയിടിവാണ് ഇപ്പോൾ വലിയ പ്രതിസന്ധിയായി മാറുന്നത്. വിലകുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് കാര്യമായി ലഭിക്കുന്നുമില്ലെന്ന പരാതിയും ശക്തമാണ്. ഏത്തൻ, പാളയംകോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ജനപ്രിയ ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു.
ഓണത്തിന് മുമ്പ് കിലോയ്ക്ക് 70-80 രൂപ ലഭിച്ചിരുന്ന ഏത്തന് ഇപ്പോൾ കർഷകർക്ക് 35-40 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോക്ക് കുറഞ്ഞത് 60 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു. എഴുകോൺ, കുണ്ടറ, കിഴക്കൻ മേഖലകളായ ചീരൻകാവ്, പുത്തൂർ, പുനലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് നാടൻ ഏത്തക്കുലകൾ കൊല്ലം നഗരത്തിലേക്കുൾപ്പെടെ പ്രധാനമായും എത്തുന്നത്.
തമിഴ്നാട്ടിൽ നിന്നുൾപ്പെടെ എത്തുന്ന മറുനാടൻ ഏത്തയ്ക്ക 100 രൂപയ്ക്ക് മൂന്നുകിലോ വരെ വിപണിയിലെത്തുന്നതാണ് പ്രധാനമായും വിലയിടിവിന് കാരണമായത്. കിലോയ്ക്ക് 25 രൂപയുണ്ടായിരുന്ന പാളയംകോടന് ഇപ്പോൾ 10 രൂപയും, 70 രൂപ ഉണ്ടായിരുന്ന ഞാലിപ്പൂവന് 40 രൂപയും, 30 രൂപയുണ്ടായിരുന്ന ചിങ്ങൻപ്പഴത്തിന് 20 രൂപയുമായി.
കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വ്യാപാരികൾ ഉപഭോക്താക്കൾക്ക് 30 രൂപയോളം കൂട്ടിയാണ് വിൽപന നടത്തുന്നതെന്ന ആരോപണവും നിലനിൽക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ വാഴക്കുലകൾ എത്തുന്നതും ഉൽപാദനം കൂടിയതുമാണ് വിലയിടിവിന് പ്രധാന കാരണം. ഇതോടെ നിരവധി കർഷകർ വാഴകൃഷി ഉപേക്ഷിക്കുന്ന നിലയിലാണ്.
വിലയിടിവിന് പുറമേ, മൂപ്പെത്തിയ ഏത്തക്കുലകളിൽ പുള്ളിക്കുത്ത് (തൊലിപ്പുറത്ത് കാണുന്ന പുള്ളികൾ) വ്യാപകമാകുന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നു. പഴത്തിന്റെ രുചിയെ ബാധിച്ചില്ലെങ്കിലും ഇത്തരം കുലകൾ വാങ്ങാൻ കച്ചവടക്കാർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

