പാറപ്പുറം കോളനി സംരക്ഷണത്തിന് നടപടി വേണമെന്ന്
text_fieldsതഴവ പാറപ്പുറം കോളനിയിൽ വീടുകൾക്കുസമീപം കാടുപിടിച്ച നിലയിൽ
കരുനാഗപ്പള്ളി: തഴവ പാറപ്പുറം കോളനിയുടെ സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന പട്ടികജാതി വികസന കോർപറേഷന്റെ സഹകരണത്തോടെ 1990 കാലഘട്ടത്തിലാണ് തഴവ കുറ്റിപ്പുറത്തിന് തെക്കുവശത്തായി പാറപ്പുറം കോളനി സ്ഥാപിതമായത്. പഞ്ചായത്ത് പ്രദേശത്തെ 19 നിർധന ഹരിജൻ കുടുംബങ്ങളായിരുന്നു അന്ന് കോളനിയുടെ ഗുണഭോക്താക്കളായത്.
പഞ്ചായത്തിലെ 14ാം വാർഡിൽ തഴവയൽത്തോടിനോട് ചേർന്നുള്ള ചതുപ്പ് സ്ഥലമായിരുന്നു അന്ന് വീട് നിർമാണത്തിനായി തെരഞ്ഞെടുത്തത്. ഇവിടം ജനവാസയോഗ്യ മേഖലയല്ലെന്ന പരാതി ആദ്യഘട്ടം മുതൽ തന്നെ ഉയർന്നതാണ്.
കോളനിയോട് ചേർന്നുകിടക്കുന്ന ചതുപ്പ് സ്ഥലങ്ങളിൽ വേനൽക്കാലത്തുപോലും കുളവാഴകൾ വളർന്നുകിടക്കുന്ന അവസ്ഥയാണ്.
കോളനിയുടെ കിഴക്കു വശത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള കാടിന് സംരക്ഷണ ഭിത്തിയില്ലാത്തതു മൂലം ഇഴജന്തുക്കളുടെ ശല്യം പതിവായിരിക്കുകയാണെന്ന് കോളനിവാസികൾ പരാതിപ്പെടുന്നു. മഴക്കാലത്ത് തഴവയൽത്തോട് കരകവിഞ്ഞൊഴുകുന്നതു മൂലം വർഷത്തിൽ രണ്ടു തവണയെങ്കിലും ഇവർക്ക് വീട് ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കിഴക്കു പടിഞ്ഞാറായി ഓട നിർമണം നടത്തിയെങ്കിലും ഇതുവഴി ഇപ്പോൾ കോളനിയിലേക്ക് മലിനജലം തിരികെ കയറുന്ന അവസ്ഥയാണെന്നും കോളനിവാസികൾ പറയുന്നു. പുതിയകാവ് ചക്കുവള്ളി റോഡിൽ കുറ്റിപ്പുറം ജങ്ഷന് 100 മീറ്റർ മാത്രം തെക്കുവശത്താണ് പാറപ്പുറം കോളനി സ്ഥിതി ചെയ്യുന്നത്.
എന്നാൽ, വിവിധ ഇടവഴികളിലൂടെ ഒന്നര കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ കോളനിവാസികൾക്ക് പ്രധാന റോഡിലെത്താൻ കഴിയൂ.
പ്രധാന റോഡിൽ നിന്ന് 150 മീറ്റർ നീളമുള്ള ഒരു പൊതുവഴി തഴവയൽ തോടിന് സമാന്തരമായുണ്ടെങ്കിലും റോഡാക്കി ഉയർത്താൻ നടപടിയുണ്ടായിട്ടില്ല.
2020-21 സാമ്പത്തിക വർഷം ഈ വഴി റോഡാക്കുന്നതിനായി എസ്.സി ഫണ്ടിൽ നിന്ന് തുക അനുവദിച്ചെങ്കിലും റോഡിന്റെ ആദ്യ ഗുണഭോക്താവ് ജനറൽ വിഭാഗമാണെന്ന സാങ്കേതിക കാരണത്താൽ നിർമാണ അനുമതി ലഭിക്കാതെ പോകുകയായിരുന്നു.
ഇവിടെ പൊതു വികസന ഫണ്ട് ഉപയോഗിച്ച് റോഡ് നിർമാണം നടത്തിയാൽ യാത്രാ ദുരിതം പരിഹരിക്കാമെന്നിരിക്കെ, ഇക്കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ് ബന്ധപ്പെട്ടവർ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

