മണ്ഡലം സെക്രട്ടറിക്കെതിരായ നടപടി: സി.പി.ഐയിൽ വിവാദം
text_fieldsകൊല്ലം: എം.എൻ സ്മാരക ഫണ്ടിൽ തിരിമറി നടത്തിയെന്നാരോപിച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറിയെ നീക്കിയത് സംബന്ധിച്ച് പാർട്ടിയിൽ വിവാദം. ജില്ല നേതൃത്വത്തിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് നടപടിയിലേക്ക് വഴിവെച്ചതെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
എം.എൻ സ്മാരക നവീകരണത്തിനായി ശേഖരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി. അനിലിനെ കഴിഞ്ഞ ദിവസം നീക്കിയത്. കമ്മിറ്റി സമാഹരിച്ച 7.18 ലക്ഷം രൂപയിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി എന്നാണ് ജില്ല നേതൃത്വം പറയുന്നത്.
കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുള്ള ലോക്കൽ കമ്മിറ്റികളിൽനിന്ന് സമാഹരിച്ച തുക കഴിഞ്ഞ മേയ് 13ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി ജെ.സി. അനിലിനെ ഏൽപിച്ചിരുന്നു. ഈ തുകക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചെക്ക് നൽകി.
ചെക്ക് ബാങ്കിൽ നൽകിയെങ്കിലും മൂന്നുപ്രാവശ്യം അക്കൗണ്ടിൽ തുക ഇല്ലാത്തതിനെത്തുടർന്ന് മടങ്ങി. ഒടുവിൽ ജില്ല നേതൃയോഗങ്ങൾ ചേരുന്നതിന്റെ തലേദിവസം മുഴുവൻ തുകയും അനിൽ ജില്ല കമ്മിറ്റിയെ ഏൽപിച്ചു. പിരിച്ചെടുത്ത പണം അടയ്ക്കാൻ വൈകിയതിന് മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള പുറത്താക്കലിന് പിന്നിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള ഒരു എം.എൽ.എയുടെയും തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന നേതാവിന്റെയും ഒത്തുകളിയാണെന്ന് അനിലിനെ അനുകൂലിക്കുന്നവർ പറയുന്നു.
നേരത്തെ ഇൗ എം.എൽ.എയെ ജില്ല സെക്രട്ടറിയാക്കാനുള്ള നീക്കം ജില്ലയിൽ നിന്നുള്ള ഒരു മുൻ മന്ത്രിയെ ഉപയോഗിച്ച് തടഞ്ഞതിന് പിന്നിൽ ജെ.സി കൂടി ഉൾപ്പെടുന്ന നേതൃത്വമാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിന്റെ കൂടി പകവീട്ടലാണ് ഇപ്പോഴത്തെ നടപടിയത്രെ.
കടയ്ക്കൽ മേഖലയിൽ സി.പി.ഐയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച ആളാണ് ജെ.സി അനിലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ മുതിർന്ന നേതാവ് പരസ്യമായി രംഗത്ത് വന്നതും പ്രവർത്തകർ അനുകൂല പ്രകടനം നടത്തിയതും സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഈ നീക്കം പൊളിച്ചതും അനിൽ അടങ്ങുന്ന നേതൃത്വമായിരുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ല കമ്മിറ്റി പരിഗണിച്ചിരുന്ന സ്ഥാനാർഥി പട്ടികയിൽ അനിലും ഉൾപ്പെട്ടിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരിഗണിക്കേണ്ടി വരുമെന്നതുകൊണ്ടാണ് നടപടിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഈമാസം ആറിനാണ് നടപടി സംബന്ധിച്ച മണ്ഡലം റിപ്പോർട്ടിങ് വിളിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

