ജിയോളജിസ്റ്റ് എന്ന വ്യാജേന അഞ്ച് ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
text_fieldsരാഹുൽ, നീതു എസ്. പോൾ
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ജില്ലയിലെ ക്വാറിഉടമയിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ (31), കോഴിക്കോട് ചേലാവൂർ മായനാട് വൈശ്യംപുറത്ത് വീട്ടിൽ നീതു എസ്. പോൾ (34) എന്നിവരാണ് കൊല്ലം സൈബർ പൊലീസിന്‍റെ പിടിയിലായത്.
മറ്റൊരാളുടെ വിലാസത്തിൽ സംഘടിപ്പിച്ച സിംകാർഡും കൊല്ലം ജില്ല ജിയോളജിസ്റ്റിന്റെ ചിത്രവും ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ലൈസൻസ് പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷംരൂപ ആവശ്യപ്പെട്ടു. പിന്നീട് നീതുവെത്തി പണംകൈപ്പറ്റി.
ഫോൺ നമ്പരും അതിലെ വാട്സാപ്പും പ്രവർത്തനരഹിതമായതോടെ പരാതിക്കാരൻ ജിയോളജിസ്റ്റിന്റെ പഴയ നമ്പറിൽ വിളിച്ച് പണം കൈമാറിയിട്ടുണ്ടെന്ന് പറയുകയും ലൈസൻസ് പുതുക്കി നല്കുന്ന വിവരം അന്വേഷിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. അവർ ഈ വിവരം നിഷേധിച്ചതോടെ ക്രഷർ ഉടമ സിറ്റി സൈബർ പൊലീസിൽ പരാതി നൽകി.
ജിയോളജിസ്റ്റും സമാനമായ പരാതി നൽകി. സിറ്റി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കോഴിക്കോടുനിന്ന് പ്രതികൾ പിടിയിലായത്. ഇവരെ കൊല്ലത്തെത്തിച്ച് റിമാൻഡ് ചെയ്തു.
ജില്ല പോലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിർദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേൽ നോട്ടത്തിൽ സൈബർക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ അബ്ദുൽ മനാഫ്, അജിത് കുമാർ, എ.എസ്.ഐ നിയാസ്, സീനിയർ സി.പി.ഒ ഗായത്രി ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

