യുവാവിനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsനിഥിൻ ദാസ്, ഗിരീഷ്
കൊല്ലം: യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച് അവശനാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പിടിയിൽ. കന്നിമേൽചേരി വേനൂർ വടക്കതിൽ ഉണ്ണിക്കുട്ടൻ എന്ന നിഥിൻ ദാസ് (30), കന്നിമേൽചേരി തെക്കേത്തറയിൽ പാവൂരഴികത്ത് മിന്നൽ ഗിരീഷ് എന്ന ഗിരീഷ് (44) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ മണ്ണൂർകാവ് ദുർഗദേവി ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഗാനമേള കണ്ട് സുഹൃത്ത് ജയനൊപ്പം മടങ്ങുകയായിരുന്ന ബിജുകുമാറിനാണ് മർദനമേറ്റത്. പ്രതികൾ ജയനെ തടഞ്ഞുനിർത്തി അകാരണമായി ചീത്തവിളിക്കുന്നത് ചോദ്യംചെയ്ത ബിജുകുമാറിനെ ഇരുവരും ചേർന്ന് മർദിക്കുകയും പ്രതികളിൽ ഒരാൾ കൈയിൽ ധരിച്ചിരുന്ന ഇടിവള കൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു.
ഇടിവള ഉപയോഗിച്ചുള്ള മർദനത്തിൽ ബിജുകുമാറിന്റെ മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടാക്കി. ബിജുകുമാർ ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തൃശൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ നിഥിൻദാസ്, വിവിധ സ്റ്റേഷനുകളിലായി 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൂടാതെ കാപ്പ നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കൂട്ടുപ്രതിയായ ഗിരീഷ് ദിവസങ്ങൾക്ക് മുമ്പ് കൊലപാതകശ്രമ കേസിൽ ജയിൽശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയതാണ്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ശക്തികുളങ്ങര എസ്.എച്ച്.ഒ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, കെ.ജി. ദിലീപ്, ഡാർവിൻ, അജയൻ എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

