നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ പ്രകാരം തടവിൽ
text_fieldsറിയാസ്
കൊല്ലം: 2018 മുതൽ നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി. കൊല്ലം വടക്കേവിള വില്ലേജിൽ ക്രസന്റ് നഗർ 79, ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന റിയാസി (34) നെയാണ് ആറ്മാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
ഇരവിപുരം പൊലീസിൽ 2018 മുതൽ 2023 വരെ റിപ്പോർട്ട് ചെയ്ത ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. വധശ്രമം, നരഹത്യശ്രമം, വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം തുടങ്ങിയവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
2022ൽ ആശുപത്രി ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാട് വരുത്തിയതിനും ഇയാൾക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു.
കൊടുംകുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ ആറ് മാസത്തെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.