സ്കൂൾ മുതൽ തുടങ്ങിയ സൗഹൃദം; മരണത്തിലും ഒന്നിച്ച്
text_fieldsഓയൂർ: സ്കൂൾ ജീവിതത്തിൽ തുടങ്ങിയ ബന്ധം മരണത്തിലും ഒന്നിച്ച്. മോട്ടോർക്കുന്ന് കരിങ്ങന്നൂർ അച്ചൂസ് മുകളുവിളയിൽ അമ്പാടി സുരേഷ് (23), റോഡു വിള ഫാറൂക്ക് മൻസിലിൽ മുഹമ്മദലി (23) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയിൽ ഓയൂർ പയ്യക്കോട് കാർ മതിലിൽ ഇടിച്ച് മരണപ്പെട്ടത്. സുഹൃത്തായ റോഡുവിള സ്വദേശി അഹ്സൻ(23) ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്പാടി ബ്ലാംഗ്ലൂരിൽ നഴ്സിങ് കഴിഞ്ഞ് പ്ലേസ്മെൻറിൽ അവിടത്തന്നെ നഴ്സായി രണ്ട് മാസം ജോലി നോക്കി വരുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് അമ്പാടി നാട്ടിൽ എത്തിയത്. ആദ്യത്തെ ശമ്പളം ഏക മകൻ പിതാവായ സുരേഷിനും മാതാവ് ദീപക്കും അയച്ച് നൽകിയിരുന്നു. രണ്ടാമത് കിട്ടിയ ശമ്പളവും നഴ്സിങ് പാസായ സർട്ടിഫിക്കറ്റുമായിട്ടാണ് ഓണത്തോട് അനുബന്ധിച്ച് അച്ഛനും അമ്മക്കും നൽകാനായി എത്തിയത്. നല്ലൊരു സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു അമ്പാടി. പരേതനായ സുലൈമാന്റെയും സബീനയുടെയും മകനാണ് മുഹമ്മദലി. പിതാവിന്റെ മരണശേഷം മഹിമ കമ്യൂണിക്കേഷൻ ഷോപ്പിങ് സെന്റർ നടത്തിവരുകയായിരുന്നു. സാംസ്കാരിക മേഖലയിലും നല്ല സുഹൃത് ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.
ചെറിയ വെളിനല്ലൂർ കെ.പി.എം സ്കൂളിന് എതിർവശത്താണ് മുഹമ്മദലിയുടെ വീട്. അതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മുഹമ്മദലിയുടെ മരണം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ കടയടച്ച് അവർക്കൊപ്പം പോകുന്നയാളായിരുന്നു മുഹമ്മദലിയെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച സുഹൃത്തായ സാജിദിന്റെ ആയൂരിലെ റസ്റ്റാറന്റിൽ ഇവർ മൂന്നുപേരും കാറിൽ പോയിരുന്നു. ശനിയാഴ്ചയായിരുന്നു റസ്റ്റോറന്റിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ഇവർ. സുഹൃത്തുക്കളെ ഓരോ സ്ഥലത്ത് ഇറക്കിയശേഷം അമ്പാടി, മുഹമ്മദലി, അഹ്സൻ എന്നിവർ മാത്രമാണ് ഓയൂരിലേക്ക് വന്ന വാഹനത്തിലുണ്ടായിരുന്നത്. ഇവിടെ നിന്ന് പയ്യക്കോട് എത്തിയപ്പാഴാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

