ഒരുവർഷമായി കുടിവെള്ളമില്ലാതെ ഇരുനൂറോളം കുടുംബങ്ങൾ
text_fieldsനീലേശ്വരം അമ്മൂമ്മ മുക്കിൽ
വറ്റിയ കിണർ
കൊട്ടാരക്കര: ഒരുവർഷമായി കുടിവെള്ളമില്ലാതെ നീലേശ്വരം അമ്മൂമ്മമുക്കിലെ ഇരുനൂറോളം കുടുംബങ്ങൾ. കൊട്ടാരക്കര വാട്ടർ അതോറിറ്റിക്കും നഗരസഭക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ല. വാട്ടർ അതോറിറ്റിക്ക് കണക്ഷൻ തുകയായി 3000 രൂപയാണ് വീട്ടുകാർ അടക്കേണ്ടിവരുന്നത്. എന്നാൽ, ജലം ലഭിക്കാത്ത അവസ്ഥയാണ്. മേഖലയിലെ കിണറുകളിലും വെള്ളമില്ല. രണ്ടരലക്ഷം രൂപ മുടക്കി കുഴൽക്കിണർ കുഴിച്ചെങ്കിലും ഫലമില്ല.
പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളത്തിന് 600 രൂപ നൽകിയും കിലോമീറ്റർ സഞ്ചരിച്ച് വെള്ളംശേഖരിച്ചുമാണ് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്.
ജല ജീവൻ പദ്ധതി ഈ മേഖലയിൽ നടപ്പാക്കിയിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോയിട്ടുണ്ടെങ്കിലും ജലം ലഭിക്കാതെ ബിൽ അടക്കേണ്ട സ്ഥിതിയാണ്. പലരും വീട് ഉപേക്ഷിച്ച് വെള്ളംലഭിക്കുന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ നിർബന്ധിതരാകുകയാണ്.
കുടിവെള്ള പ്രശ്നത്തിൽ നഗരസഭയുമായി നാട്ടുകാർ ബന്ധപ്പെട്ടപ്പോൾ പുതിയ ചെയർമാനെ തെരഞ്ഞെടുത്തതിന് ശേഷമേ കുടിവെള്ളം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ വേനൽ കടുക്കുന്നതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

