കൊല്ലം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതി നാവശ്യമായ നിർദേശം സമര്‍പ്പിക്കാനും വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. എട്ട് കോടി ചെലവഴിച്ചുള്ള കാത്ത് ലാബിെൻറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും ഉന്നതതല അവലോകന യോഗത്തിൽ മന്ത്രി നിര്‍ദേശം നല്‍കി.
കൊല്ലം മെഡിക്കല്‍ കോളജില്‍ മികച്ച ട്രോമാകെയര്‍ സംവിധാനം ഏർപ്പെടുത്തുന്നതിന് അഞ്ചുകോടി അനുവദിച്ചു. ലെവല്‍ ടു നിലവാരത്തിലുള്ള ട്രോമാകെയറില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാര്‍ഡ്, എം.ആര്‍.ഐ സ്‌കാനിങ് സംവിധാനം എന്നിവയും സജ്ജമാക്കും.
മികച്ച കോവിഡ്-19 ചികിത്സ നല്‍കിയ മെഡിക്കല്‍ കോളജിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജ് നടത്തിയത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളെപ്പോലും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളജിന് കഴിഞ്ഞു.
ഒരു ഇ.എസ്.ഐ ഡിസ്‌പെന്‍സറി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടെ, 100 എം.ബി.ബി.എസ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കിയതും 300 കിടക്കകളുള്ള ആശുപത്രി ആരംഭിച്ചതും 600 ലേറെ തസ്തികകള്‍ സൃഷ്ടിച്ചതും ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നും മന്ത്രി പറഞ്ഞു. അത്യാധുനികസൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപറേഷന്‍ തിയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് 10 കിടക്കകളുള്ള ഡയാലിസ് യൂനിറ്റ് എന്നിവ പ്രവര്‍ത്തനസജ്ജമായി. കോവിഡ് ആശുപത്രിയാക്കി പൂര്‍ണസജ്ജമാക്കാന്‍ 300ല്‍ നിന്ന് 500 ലേക്ക് കിടക്കകള്‍ ഉയര്‍ത്തുകയും ചെയ്തു. കലക്ടര്‍ ബി. അബ്ദുൽ നാസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, എന്‍.എച്ച്.എം. ചീഫ് എൻജിനീയര്‍ അനില, പി.ഡബ്ല്യു.ഡി. ചീഫ് എൻജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.