ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
text_fieldsഅഞ്ചൽ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് തീപിടിച്ചു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ ആളിപ്പടരുന്നത് ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ അഞ്ചൽ മിനി സിവിൽ സ്റ്റേഷനടുത്തുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയതാണ് ബസ്. പിന്നാലെ ഇരുചക്ര വാഹനത്തിലെത്തിയ പുത്തയം നൂറുൽ ബൈത്തിൽ അനസ്റ്റിൻ അയൂബും ഭാര്യയും ബസിൽ നിന്നും ഡീസൽ ചോർന്ന് വീഴുന്നത് കണ്ടു.
വിവരം കണ്ടക്ടറെ ധരിപ്പിച്ചശേഷം ഇവർ മുന്നോട്ട് നീങ്ങിയപ്പോൾ ബസിന്റെ മുൻഭാഗത്ത് അടിവശത്തായി തീയും പുകയും ഉയരുന്നത് കണ്ടു. പെട്ടെന്നുതന്നെ ബസിനെ ഓവർടേക്ക് ചെയ്ത് ബസ് നിർത്തിച്ചശേഷം വിവരം ഡ്രൈവറോട് പറയുകയും സമീപത്തെ പെട്രോൾ പമ്പിൽ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങളെടുത്ത് സമയോചിതമായി ഇടപെടുകയും ചെയ്തു. അതിനാൽ തീ ആളിപ്പടർന്നില്ല.
രക്ഷാപ്രവർത്തനത്തിന് പെട്രോൾ പമ്പിലെ ജീവനക്കാരും ഒപ്പംചേർന്നു. വിവരമറിഞ്ഞ് അഞ്ചൽ പൊലീസും പുനലൂർ നിന്ന് അഗ്നിരക്ഷാസേനയും എത്തി തുടർ നടപടികളെടുത്തു.ബസ് യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടു. അഞ്ചൽ ബൈപാസിൽ അൽദീഖ് കണ്ടെയ്നർ കഫെ എന്ന സ്ഥാപനം നടത്തുന്നവരാണ് അനസ്റ്റിൻ അയൂബും ഭാര്യയും. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

