തട്ടുകടയിൽ അക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ
text_fieldsഇരവിപുരം: തട്ടുകടയിൽ അക്രമം നടത്തിയ മധ്യവയസ്കൻ പിടിയിലായി. മുണ്ടക്കൽ ശ്രുതിലയം വീട്ടിൽ സുബാഷാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴിന് മുണ്ടയ്ക്കലുള്ള തട്ടുകടയിലെത്തിയ പ്രതി കടയിൽ നിന്ന് കട്ടൻചായ വാങ്ങിച്ച ഗ്ലാസിൽ മദ്യം ഒഴിച്ചുകുടിച്ചു.
ഇത് ചോദ്യം ചെയ്ത കടയുടമയായ നബീസത്തിനെ ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധത്തിൽ മടങ്ങിപ്പോയ പ്രതി മണ്ണെണ്ണക്കുപ്പിയുമായി തിരികെ കടയിലെത്തി. ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുകയായിരുന്ന നബീസത്തിന് നേരെ മണ്ണെണ്ണ വീശി ഒഴിച്ചു.
അടുപ്പിൽ മണ്ണെണ്ണ വീണ് തീ ആളിപ്പടർന്നത് കണ്ട് ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. തടയാൻ ശ്രമിച്ച നബീസത്തിന്റെ ഭർത്താവിനെയും മർദിച്ചു. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

