ഭീതി വിട്ടൊഴിയാതെ നാട്ടുകാർ
text_fieldsകുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തുരത്തിയോടിച്ചെങ്കിലും വീണ്ടും പാതയോരത്തേക്ക് കാട്ടാനക്കൂട്ടമെത്തിയതോടെ ഭീതി ഒഴിയാതെ പ്രദേശവാസികള്‍. മൂന്നുദിവസം മുമ്പ് വൈകീട്ടോടെയാണ് കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവില്‍ പുഴകടന്ന് മലയോര ഹൈവേക്ക് സമീപം ജനവാസ മേഖലയിലേക്ക് കടക്കാനെത്തിയ കൊമ്പനാനയടക്കം മൂന്ന് കാട്ടാനകളെ ഏറെ പണിപ്പെട്ട് കാട്ടിലേക്ക് തിരികെ കയറ്റിവിട്ടത്.
ഇവയാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കുളത്തൂപ്പുഴ-അമ്പതേക്കര്‍ പാതയോരത്തേക്കെത്തിയത്. കല്ലുവരമ്പ് സെക്ഷന്‍ വനപാലകരും നാട്ടുകാരും പ്രദേശത്തെത്തി വനപാതയിലേക്ക് കാട്ടാനകള്‍ കടക്കാതിരിക്കാനായി നിലയുറപ്പിച്ചു. ഏറെനേരത്തിനു ശേഷം അമ്പതേക്കര്‍ തോട്ടിലെത്തി വെള്ളം കുടിച്ച ആനകള്‍ തോട്ടിലൂടെ അകലേക്ക് നടന്നു പോയതോടെയാണ് ആളുകള്‍ മടങ്ങിയത്.
അതേസമയം, താഴേക്ക് പോയ ആനക്കൂട്ടം പാതയോരത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ വേലി മറികടക്കാനായി വേലി അവസാനിക്കുന്ന സ്ഥലത്തേക്ക് നീങ്ങിയതാണെന്നും സന്ധ്യ മയങ്ങുന്നതോടെ വേലി മറികടന്ന് അമ്പതേക്കര്‍ പാതയിലേക്ക് കടന്നെത്താനുള്ള സാധ്യത ഏറെയാണെന്നതും നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

