എസ്.എസ്.എൽ.സി പരീക്ഷയിൽ 99.38 ശതമാനം ജയം
text_fieldsകൊല്ലം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി നൂറ് ശതമാനം വിജയം പ്രധാനാധ്യാപിക ഇ. സ്കോളാസ്റ്റിക്കക്കൊപ്പം ആഘോഷിക്കുന്ന വിദ്യാർഥികൾ
കൊല്ലം: പരീക്ഷഘടനയുടെ മാറ്റത്തിനൊന്നും പിടികൊടുക്കാതെ പഠിച്ചുയർന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികവുറ്റ വിജയം കുറിച്ച് കൊല്ലത്തെ മിടുക്കർ. 99.38 ശതമാനം എന്ന വിജയത്തിളക്കത്തിനൊപ്പം, സംസ്ഥാനത്ത് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ ശതമാനത്തിൽ ഒന്നാംസ്ഥാനവും കൊല്ലം സ്വന്തമാക്കി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 150 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞവർഷം 99.41 ശതമാനം ആയിരുന്നു കൊല്ലത്തിന്റെ ആകെ വിജയശതമാനം.
അതിൽനിന്ന് 0.03 ശതമാനത്തിന്റെ നേരിയ കുറവ് ഇത്തവണ ഉണ്ടായെങ്കിലും സംസ്ഥാന ശതമാനത്തിനേക്കാൾ മുകളിലെത്തിയ പ്രകടനമാണ് കൊല്ലത്തിന്റെ കുട്ടികൾ കാഴ്ചവെച്ചത്. സംസ്ഥാനത്ത് വിജയശതമാനത്തിൽ എട്ടാം സ്ഥാനത്താണ് കൊല്ലം. കഴിഞ്ഞ വർഷത്തെ 12ാം സ്ഥാനത്തെ കവച്ചുവെക്കുന്ന പ്രകടനമാണിത്. എല്ലാവിഷയത്തിലും എ പ്ലസ് നേടിയവരിൽ 11.6 ശതമാനം നേട്ടവുമായാണ് കൊല്ലം സംസ്ഥാനത്ത് ഒന്നാമതെത്തിയത്. കൊല്ലത്തെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ ആകെ വിജയശതമാനത്തിൽ കൊട്ടാരക്കരയാണ് മുന്നിൽ, 99.55 ശതമാനം. കൊല്ലം 99.34 ശതമാനവും പുനലൂർ 99.27 ശതമാനവും വിജയം സ്വന്തമാക്കി.
ഇത്തവണ ആകെ 28903 വിദ്യാർഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇവരിൽ 28723 വിദ്യാർഥികൾ ഉപരിപഠന യോഗ്യത സ്വന്തമാക്കിയപ്പോൾ 180 പേരാണ് ഉപരിപഠന യോഗ്യത നേടാതെ പോയത്. ആകെ പരീക്ഷ എഴുതിയ 14676 ആൺകുട്ടികളിൽ 14593 പേർ ഉപരിപഠന യോഗ്യത നേടി. 99.45 ശതമാനമാണ് ആൺകുട്ടികളുടെ വിജയശതമാനം. ആകെ 14227 പെൺകുട്ടികളിൽ 14130 പേരാണ് യോഗ്യത മാർക്ക് പിന്നിട്ടത്. 99.03 ശതമാനം പെൺകുട്ടികളാണ് ഉപരിപഠനയോഗ്യത നേടിയത്.
ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി യോഗ്യത കടമ്പ പിന്നിട്ടത് കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ്. ആകെ 15391 കുട്ടികളിൽ 15289 പേർ ഉപരിപഠനത്തിന് അർഹതനേടി. 7848 ആൺകുട്ടികളിൽ 7799 പേരും 7543 പെൺകുട്ടികളിൽ 7490 പേരും ആണ് നേട്ടം സ്വന്തമാക്കിയത്. കൊട്ടാരക്കരയിൽ ആകെ 7340 കുട്ടികളിൽ 7307 പേർ യോഗ്യത നേടി. 3742 ആൺകുട്ടികളിൽ 3728 പേരും 3598 പെൺകുട്ടികളിൽ 3579 പേരും മുന്നേറി. പരീക്ഷ എഴുതിയ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ തുല്യത പുലർത്തിയ പുനലൂരിൽ ആകെ 6172 പേർ പരീക്ഷ എഴുതിയതിൽ 6127 പേർ ഉപരിപഠനയോഗ്യത കൈവരിച്ചു.
എ പ്ലസിൽ കരുത്ത്
എ പ്ലസ് ശതമാനത്തിൽ കൊല്ലം ജില്ല ഒന്നാമതെത്തിയപ്പോൾ ആകെ എ പ്ലസ് എണ്ണത്തിൽ മൂന്നാംസ്ഥാനമാണ് നേടിയത്. 3357 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും ജില്ലയിൽ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷവും എ പ്ലസ് ശതമാനത്തിലും എണ്ണത്തിലും സമാനമായ സ്ഥാനങ്ങളാണ് സംസ്ഥാനത്ത് കൊല്ലം നേടിയത്. 6101 വിദ്യാർഥികളാണ് കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഇത് സംസ്ഥാനത്ത് മൂന്നാംസ്ഥാനമായിരുന്നു. ഒപ്പം 20.20 ശതമാനവുമായി എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമതും എത്തിയിരുന്നു. ഇത്തവണയും എ പ്ലസ് എണ്ണത്തിൽ മലപ്പുറവും (5098) കോഴിക്കോടും (3122) മാത്രമാണ് കൊല്ലത്തിന് മുന്നിലുള്ളത്. എ പ്ലസ് നേട്ടത്തിന്റെ ശതമാനത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി മുന്നിലെത്തിയത് കൊട്ടാരക്കരയാണ്. 17.4 ശതമാനം എ പ്ലസ് നേട്ടവുമായാണ് കൊട്ടാരക്കര ഒന്നാമതായത്.
നൂറു ശതമാനവുമായി 151 സ്കൂളുകൾ
എ പ്ലസിലും വിജയശതമാനത്തിലും മികവുപുലർത്തിയ കൊല്ലത്ത് 151 സ്കൂളുകൾളാണ് 100 ശതമാനം വിജയം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇത് 165 സ്കൂളുകളായിരുന്നു. ഇത്തവണ 49 സർക്കാർ സ്കൂളുകളും 86 എയ്ഡഡ് സ്കൂളുകളും 16 അൺ എയ്ഡഡ് സ്കൂളുകളുമാണ് പരീക്ഷക്കിരുത്തിയ എല്ലാ വിദ്യാർഥികളെയും ഉപരിപഠനത്തിന് അർഹരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

