എസ്.എൻ ഓപൺ സർവകലാശാലക്ക് ആസ്ഥാനമൊരുക്കാൻ 90 കോടി
text_fieldsകൊല്ലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക് സ്വന്തം ആസ്ഥാനമൊരുക്കാൻ 90 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങിയ നടപടികളുടെ തുടർച്ചയായി യു.ഡി.എഫ് സർക്കാർ തുക അനുവദിക്കാനുള്ള ഭരണാനുമതി നൽകിയതോടെയാണ് ആസ്ഥാനനിർമാണത്തിന് വഴി തെളിഞ്ഞത്. 2020ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം ആണ് ഇതോടെ യാഥാർഥ്യമാകുന്നത്. അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായാണ് 90 കോടി രൂപ അനുവദിച്ചത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്.
ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും. കൊല്ലം മുണ്ടയ്ക്കലിൽ ആണ് ആസ്ഥാന മന്ദിരം ഉയരുന്നത്. കച്ചിക്കടവിൽ എട്ടര ഏക്കറോളം സ്ഥലം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയിരുന്നു. പി.ഡബ്ല്യ.ഡിക്കാണ് ആസ്ഥാന നിർമാണത്തിന്റെ നിർവഹണ ചുമതല. ഉടൻ തറക്കല്ലിടൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കാമെന്നാണ് സർവകലാശാല അധികൃതർ കണക്കുകൂട്ടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കുന്നതിനും മികച്ച നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കുന്ന പദ്ധതി എന്നനിലയിലാണ് ഓപൺ സർവലാശാലക്ക് തുക അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

