അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 62കാരന് 10 വർഷം തടവ്
text_fieldsകൊല്ലം: അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 62 കാരന് 10 വർഷവും ഒമ്പതുമാസവും കഠിനതടവും 50,000 രൂപ പിഴയും ശിക്ഷവിധിച്ചു. പ്രതി പേരയം വില്ലേജിൽ പടപ്പക്കര കരിക്കുഴിയിൽ ഷീനിവാസ് വീട്ടിൽ യേശുദാസനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് എം.എസ്. ഉണ്ണികൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടക്കുന്നപക്ഷം അത് പരിക്കേറ്റ ഷൈലക്ക് നൽകാനും കോടതി നിർദേശിച്ചു.
പ്രതിയും മകൻ ഷീനും ചേർന്നാണ് ആക്രമണം നടത്തിയത്. 2015 ഡിസംബർ 26നാണ് മത്സ്യത്തൊഴിലാളിയായ ഷൈലയെ കത്താൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം നടന്നത്. മുക്കട മാർക്കറ്റിൽ മത്സ്യവിൽപനയ്ക്കായി പോകുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയ ഷൈലയെ പ്രതികൾ അവരുടെ വീടിനു മുന്നിൽവെച്ച് തടഞ്ഞുനിർത്തുകയും രണ്ടാം പ്രതി ഷീൻ കത്താൾകൊണ്ട് തലയിൽ വെട്ടുകയായിരുന്നു. തുടർന്ന് ഒന്നാംപ്രതി യേശുദാസൻ മകന്റെ കൈയിൽനിന്നും കത്താൾ പിടിച്ചുവാങ്ങി ഷൈലയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുരുതുരെ വെട്ടുകയായിരുന്നു.
ഷൈലയുടെ നിലവിളികേട്ട് ഭർത്താവും മകനും അയൽവാസികളും എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഷൈലയുടെ തലയോട്ടി പൊട്ടി, കൈ, തല, മുതുക് എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ സംഭവിച്ചു.
രണ്ടുദിവസം മുമ്പ് നടന്ന കുടുംബവഴക്കിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.വിനോദ്, എ.നിയാസ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

