Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്ത് മാത്രം...

കൊല്ലത്ത് മാത്രം പൂട്ടിച്ചത് 49 സ്ഥാപനങ്ങൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

text_fields
bookmark_border
കൊല്ലത്ത് മാത്രം പൂട്ടിച്ചത് 49 സ്ഥാപനങ്ങൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
cancel

കൊല്ലം: അന്നം വിളമ്പുന്നതിനെക്കാൾ വലിയ പുണ്യമില്ലെന്നാണ് വിശ്വാസം. പണം വാങ്ങി പെട്ടിയിലിട്ടിട്ടാണെങ്കിലും ഭക്ഷണ വിൽപനശാലകളിൽ അന്നം വിളമ്പുന്നതിനുമുണ്ട് അതേ വിശ്വാസത്തിന്‍റെ പിൻബലം.

കച്ചവടത്തിനപ്പുറം മനുഷ്യനോടുള്ള സേവനം കൂടിയാണത്. അത്രയും വൃത്തിയോടെയും കരുതലോടെയും വേണം ഭക്ഷണം വിളമ്പാൻ. എന്നാൽ, കച്ചവടം മാത്രം കണ്ണിൽ കാണുന്നവർ വൃത്തിയും വെടിപ്പും കരുതലുമെല്ലാം മറന്നപ്പോൾ പൊലിഞ്ഞത് ഒരു ജീവനാണ്. അതോടെ സടകുടഞ്ഞെഴുന്നേറ്റ അധികാരികൾ ഇപ്പോൾ പരിശോധനകളുമായി ഓടിനടക്കുകയാണ്. ലൈസൻസ് പോലുമില്ലാത്ത, ഞെട്ടിക്കുന്ന തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷമുള്ള നിരവധി ഭക്ഷണശാലകൾ കണ്ട് അമ്പരക്കുകയാണ് ഉദ്യോഗസ്ഥർ.


അശ്രദ്ധമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് പലയിടങ്ങളിലും. ഒരാഴ്ചയിൽ കൊല്ലം ജില്ലയിൽ മാത്രം പൂട്ടാൻ ഉത്തരവിട്ടത് 49 സ്ഥാപനങ്ങൾ. പിടിച്ചത് കിലോക്കണക്കിന് പഴകിയ മത്സ്യ-മാംസവും പഴകിയ ഭക്ഷണവും. പൂട്ടിയവയിൽ ഭൂരിഭാഗത്തിനും ലൈസൻസ് ഉണ്ടായിരുന്നില്ല എന്നതും മറ്റൊരു വസ്തുത. 'എവിടെയായിരുന്നു ഇത്രയും നാൾ ഈ ഭരണസംവിധാനങ്ങൾ?, ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എങ്ങനെ ധൈര്യത്തോടെ തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞു? എന്നുള്ള നിരവധിചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കൃത്യമായ പരിശോധനകൾ നടക്കുന്നില്ല എന്നതായിരുന്നു പലരുെടയും ധൈര്യം.

വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം വിളമ്പി കഴിക്കാനെത്തുന്നവരുടെ വയറും ആരോഗ്യവും കേടാക്കുന്ന ഭക്ഷണശാല നടത്തിപ്പുകാർ ഈ വ്യവസായ മേഖലക്കുതന്നെ കളങ്കമേൽപ്പിക്കുന്നു.

ജനം കയറിവന്ന് ഭക്ഷണം വീണ്ടും വീണ്ടും കഴിച്ചാലേ തങ്ങളുടെ ബിസിനസിന് നിലനിൽപ്പുള്ളൂ എന്ന് ഇക്കൂട്ടർ സൗകര്യപൂർവം മറക്കുകയാണ്. ചിലരുടെ ഇത്തരം സ്വാർഥ താൽപര്യങ്ങൾ കാരണം മികച്ച രീതിയിൽ എല്ലാം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ പോലും സംശയത്തിന്‍റെ മുനയിലാണ്. കൊല്ലം നഗരത്തിലെ ഭൂരിഭാഗം കടകളിലും ഷവർമ ഉണ്ടാക്കുന്നത് ഇപ്പോൾ കുറച്ചിരിക്കുന്നതും ഈ സംശയത്തിന്‍റെ പ്രത്യാഘാതമാണ്.

കഴിക്കാനായി ഭക്ഷണശാലയിൽ കയറുന്നവർക്കും വേണം ജാഗ്രത. വൃത്തിഹീനമായ അന്തരീക്ഷമാണെന്ന് കണ്ടാൽ ഇറങ്ങിപ്പോരുകതന്നെ വേണം. അത്തരം സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാനും തയാറാകണം. ഒരു ജീവന്‍റെ വിലയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയജ്ഞങ്ങൾ ഇനിയും തുടരണം എന്ന അപേക്ഷ മാത്രമാണ് ഈ നാടിനുള്ളത്.

സൂക്ഷിക്കണം മയണൈസിനെ

അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്ന് വില്ലനായി മാറുന്ന മയണൈസിനെ സൂക്ഷിക്കതന്നെ വേണം. മയണൈസും സലാഡും ഒക്കെ പെട്ടെന്ന് കേടാവുന്നതാണ്. ഫ്രിഡ്ജിൽ നാല് ഡിഗ്രിയിൽ തണുപ്പിച്ച് വേണം പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയണൈസ് സൂക്ഷിക്കാൻ. റൂമിലെ ചൂടിൽ ഒന്ന് രണ്ട് മണിക്കൂർ കൊണ്ട് മയണൈസിൽ ബാക്ടീരിയ പെരുകും.


മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്നത് നാല് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാനും പാടില്ല. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പാസ്ചറൈസ് ചെയ്ത മയണൈസ് പിന്നെയും സെയ്ഫ് ആണെന്ന് പറയാം. ഇതും തുറന്നുകഴിഞാൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. അതും രണ്ട് ദിവസത്തിനകം ഉപയോഗിക്കരുത്.

ഷവർമ സേഫാക്കാം

കോണുകളിൽ കുത്തിനിറച്ച് വേവിക്കുന്ന ഇറച്ചി മുറിച്ചുണ്ടാക്കുന്നതാണല്ലോ ഷവർമ. കടകൾക്ക് മുന്നിലെ ഭീമൻ ഷവർമ കോണുകൾ നാം ഏറെ കണ്ടിരിക്കുന്നു. ഷവർമ വില്ലനാകുന്നതിൽ ഇത്തരം വലിയ കോണുകൾക്കും പങ്കുണ്ട്. അതിനാൽ അത്തരം ഭീമൻ കോണുകൾ ഇനി പാടില്ല എന്നാണ് നിർദേശം. കോണുകളിൽ കൊരുത്ത ഇറച്ചിക്ക് പുറത്താണല്ലോ തീ അടിച്ച് ചൂടായി വേകുന്നത്. ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും 75-100 ഡിഗ്രി ചൂടിലാണ് വേവിക്കേണ്ടത്. എന്നാൽ, വേവിക്കുമ്പോൾ പലപ്പോഴും കോണിന്‍റെ ഉള്ളിലേക്ക് തീ അടിച്ചിട്ടുണ്ടാകില്ല. ഇത് കാരണം ഉള്ളിലുള്ള ഇറച്ചി വേവില്ല. പലപ്പോഴും തിരക്ക് കൂടുമ്പോൾ ഇറച്ചിക്കുള്ളിലേക്ക് താഴ്ത്തി മുറിച്ചിടുകയും ചെയ്യും. ഇതോടെ വേവാത്ത ഇറച്ചി കൂടി ഷവർമയായി ഉപഭോക്താവിന് കിട്ടും. പലയിടത്തും വലിയ കോണിലെ ഇറച്ചി മുഴുവൻ ചിലപ്പോൾ ഒരു ദിവസത്തിൽ തന്നെ വിറ്റുപോകില്ല. അപ്പോൾ ബാക്കിയാകുന്ന ഇറച്ചി പിറ്റേന്ന് ഉപയോഗിക്കുന്ന സ്ഥിതിയുമുണ്ട്. നാല് മണിക്കൂറിൽ കൂടുതൽ ഇറച്ചി കോണിൽ കുത്തിവെക്കുന്നതും കേടാകുന്നതിന് കാരണമാകും. കൂടുതൽ സമയം ഇരിക്കുന്തോറും കോണിന്‍റെ നടുവിലുള്ള, ചൂടേൽക്കാത്ത ഇറച്ചി കേടായിക്കൊണ്ടിരിക്കും. അതിൽ നിന്ന് ബാക്ടീരിയ പോലുള്ള അണുക്കൾ ബാക്കി ഇറച്ചിയെയും മലിനമാക്കും. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ഷവർമ കോണുകൾ നാല് മണിക്കൂറിൽ അധികം ഉപയോഗിക്കാതിരിക്കാൻ ചെറിയ കോണുകൾ വേണം തയാറാക്കാൻ എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കടകൾക്ക് നിർദേശം നൽകുന്നത്. ആവശ്യം അനുസരിച്ച് ഒന്നിലധികം ചെറിയ കോണുകൾ തയാറാക്കിയാൽ ഇറച്ചി കൃത്യമായി വേവുന്നെന്നും ബാക്കിയാകില്ലെന്നും കേടാകില്ലെന്നും ഉറപ്പാക്കാം. മുറിച്ചെടുക്കുന്ന ഇറച്ചി അൽപനേരം മൈക്രോവേവ് ഓവനിൽ കയറ്റി രണ്ടാമതൊന്ന് ചൂടാക്കുന്നതും നല്ലതാണ്.

പാഴ്സൽ വാങ്ങുന്ന ഷവർമ എത്ര സമയത്തിനകം കഴിക്കണം?

ഇറച്ചിയും മയണൈസും പച്ചക്കറിയും കുബ്ബൂസും അങ്ങനെ പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന ഷവർമ വില്ലനായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിഭവം ഉണ്ടാക്കുന്നവർ മുതൽ കഴിക്കുന്നവർ വരെ വരുത്തുന്ന അശ്രദ്ധയാണ് ഈ അറേബ്യൻ രുചിയെ വില്ലനാക്കുന്നത്. ഷവർമ പാഴ്സൽ വാങ്ങിയാൽ എത്ര സമയത്തിനകം കഴിക്കണമെന്ന ബോധ്യം നമ്മുടെ നാട്ടിൽ എത്രപേർക്കുണ്ട്.


ചിലപ്പോൾ വാങ്ങിവെച്ച് മണിക്കൂറുകൾ കഴിഞ്ഞാകും കഴിക്കുന്നത്. അപ്പോഴേക്കും ഷവർമക്കുള്ളിൽ രോഗാണുക്കൾ പെറ്റുപെരുകിയിരിക്കും. പാഴ്സലായി വാങ്ങുന്ന ഷവർമ എത്രയും പെട്ടെന്ന് ചൂടോടെ കഴിക്കണമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്. കൂടിപ്പോയാൽ ഒരു മണിക്കൂർ അതിനപ്പുറം ഷവർമ സൂക്ഷിക്കരുത്, അങ്ങനെ സൂക്ഷിക്കുന്നത് കഴിക്കരുത്. പുതിയ സാഹചര്യത്തിൽ ഷവർമ പാഴ്സലിന് പുറത്ത് പാക്ക് ചെയ്യുന്ന തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം.

പച്ചക്കറിക്കും കുബ്ബൂസിനും വേണം ശ്രദ്ധ

പച്ചക്കറി വാങ്ങി സൂക്ഷിച്ച് ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. 50 പി.പി.എം ക്ലോറിൻ വെള്ളത്തിൽ വേണം പച്ചക്കറി വൃത്തിയായി കഴുകേണ്ടത്. കേടായ പച്ചക്കറി ഉപയോഗിക്കരുത്.

ഷവർമയിൽ ഉപയോഗിക്കുന്ന കുബ്ബൂസും പെട്ടെന്ന് കേടാകുന്നതാണ്. ഇത് ബൾക്കായി വാങ്ങി സൂക്ഷിക്കുകയാണ് കച്ചവടക്കാർ ചെയ്യുന്നത്. എന്നാൽ, നിർമിച്ച തീയതിയോ മറ്റ് വിവരങ്ങളോ കവറിലൊന്നും ഉണ്ടാകില്ല. ഇതിന് കർശനമായി തടയിടാൻ നിർദേശം നൽകിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്.

പരിശീലനം അനിവാര്യം

ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ പുലർത്തേണ്ട ശ്രദ്ധയും വൃത്തിയും പോലുള്ള കാര്യങ്ങളിൽ ജീവനക്കാർക്ക് ധാരണയില്ല എന്നതാണ് വലിയ വെല്ലുവിളി. അറബിക് വിഭവങ്ങൾ എങ്ങനെ കൃത്യമായി പാകം ചെയ്യണം എന്ന് അറിയാത്തവർ പോലുമുണ്ട്. ഹോട്ടൽ ജീവനക്കാരിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സോസ്റ്റാക് പരിശീലനം നേടിയവർ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. സൗജന്യമായ ഈ പരിശീലനം ലഭിച്ചവർ പല ഹോട്ടലുകളിലും ഇല്ലാത്ത സ്ഥിതിയുണ്ട്.

സമാനമായി കടകളിൽ അംഗീകൃത ഏജൻസികളെക്കൊണ്ട് കീടവിമുക്തി വരുത്തിയതിന്‍റെ സർട്ടിഫിക്കറ്റും പലയിടത്തും കാണാനില്ല. വെള്ളത്തിലും പഴകിയ പഴങ്ങളിലും ഭക്ഷണത്തിലുമെല്ലാം ഷിഗെല്ലയും സാൽമോണല്ലയും പോലുള്ള രോഗാണുക്കളുണ്ടാകും എന്നതൊന്നും പലർക്കും അറിയില്ല. വെള്ളത്തിന്‍റെ ഗുണമേന്മ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉറപ്പാക്കണം. ഇറച്ചിയും മറ്റും വേവിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കാതെ റൂകോ അംഗീകൃത ഏജൻസികൾക്ക് ബയോ ഡീസൽ നിർമാണത്തിനുവേണ്ടി മാത്രം കൈമാറാനും ഹോട്ടലുകൾ ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം.

ശ്രദ്ധിച്ചുവേണം സൂക്ഷിക്കാൻ

ഇറച്ചിയും മീനും വെറുതെയൊരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഫ്രിഡ്ജി‍െൻറ ഫ്രീസറിൽ കയറ്റിവെച്ചാൽ സുരക്ഷിതമായി സൂക്ഷിക്കലാകില്ല. പ്രത്യേകം ഫ്രീസറിൽ -18 ഡിഗ്രി തണുപ്പിൽ വേണം ഇവ സൂക്ഷിക്കാൻ. എന്നാൽ മാത്രമേ സൂക്ഷ്മാണുക്കൾ കയറി അവ കേടാകാതിരിക്കൂ. ഇത്തരത്തിൽ ഫ്രീസറിൽ വെക്കുമ്പോൾ കണ്ടെയ്നർ ബോക്സിന് പുറത്ത് തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. ഇടക്കിടക്ക് തണുപ്പ് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

പല ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കുന്നില്ല. ഇതുകാരണം പച്ചമാംസം പെട്ടെന്ന് കേടാകും. ഫ്രീസറുകൾക്ക് വൃത്തിയില്ലാത്തത് മറ്റൊരു വലിയ വെല്ലുവിളിയാണ്. വെറുതെ ഒരു രൂപയുടെ പ്ലാസ്റ്റിൽ കവറിൽ പൊതിഞ്ഞ് മാംസം ഫ്രിഡ്ജിൽ കയറ്റി സൂക്ഷിക്കുന്നതും ഫ്രീസറി‍െൻറ തണുപ്പ് കൃത്യമാക്കാതെ വെക്കുന്നതും സാധാരണകാഴ്ച.

ഇത്തരത്തിൽ കവറിലാക്കി ഇറച്ചിയും മറ്റും സൂക്ഷിക്കുന്ന ഫ്രിഡ്ജിലാകും മാവും പാലും മാരിനേറ്റ് ചെയ്തതും പഴയഭക്ഷണവും ഒക്കെ സൂക്ഷിക്കുന്നത്. ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറാൻ ഇതിലും നല്ല സൗകര്യം ചെയ്തുകൊടുക്കാനില്ല. വെജ്-നോൺ വെജ് ഭക്ഷണപദാർഥങ്ങൾക്കും അതിനായി ഉപയോഗിക്കുന്ന സാധനങ്ങളും ഒരുമിച്ച് ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കാനും പാടില്ല.

നടപടി കഠിനമാകും

പരിശോധനക്കിടയിൽ കണ്ടെത്തുന്ന താരതമ്യേന ചെറിയ ന്യൂനതകൾക്കാണ് പിഴയീടാക്കുന്നത്. ഒരു ലക്ഷം വരെയാണ് ഇത്തരത്തിൽ പിഴ നൽകേണ്ടത്. നിലവാരം ഇല്ലായ്മ, പഴകിയ ഭക്ഷണം സൂക്ഷിക്കൽ പോലുള്ള തെറ്റുകൾക്ക് ആർ.ഡി.ഒ കോടതിയിൽ കേസാകും. ഇവിടെ പിഴ മൂന്ന് ലക്ഷം വരെയാകാം. മനുഷ്യന് ഹാനികരം എന്ന് റിപ്പോർട്ട് വന്നാൽ ആറ് മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസാകുകയും അത് കോടതിയിൽ വിചാരണയിലേക്ക് പോകുകയും ചെയ്യും. ലൈസൻസ് ഇല്ല എന്നത് ഉൾപ്പെടെ കാരണങ്ങളിൽ പൂട്ട് വീഴുന്ന സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിച്ച് അപേക്ഷ നൽകിയാൽ, നേരത്തെ പരിശോധിച്ച ഉദ്യോഗസ്ഥ സംഘം തന്നെ വീണ്ടും പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയാലേ തുറക്കാനാകൂ.

വിളിക്കാം ടോൾ ഫ്രീയിൽ

ഹോട്ടൽ, ബേക്കറി ഭക്ഷണം സംബന്ധിച്ച എന്ത് പ്രശ്നത്തിനും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം: 1800 425 1125.

പരിശോധനകൾ തുടരും -എസ്. അജി

(ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമീഷണർ, കൊല്ലം)

ഭക്ഷണം മോശമായി കൈാര്യം ചെയ്യുന്ന സംഭവങ്ങൾ തന്നെയാണ് പരിശോധനയിൽ കൂടുതലും കാണുന്നത്. ലൈസൻസില്ലാത്തത്, നിലവാരം കുറവ്, ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളിലും മറ്റും ആവശ്യമായ ലേബലുകളില്ല, ഭക്ഷ്യ സുരക്ഷ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് മോശം ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യുന്നതും നടപടികൾക്ക് കാരണമായി. പരിശോധനകൾ കാര്യമായി നടക്കുന്നുണ്ട്, ഇത് തുടരും. ഗുരുതര ക്രമക്കേടുകളുള്ളതോ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾ അടിയന്തരമായി അടപ്പിക്കും.

ഇത്രയുംനാൾ ഉദ്യോഗസ്ഥർ എവിടെയായിരുന്നു‍? -എൻ. ചന്ദ്രശേഖരൻ

(പ്രസിഡന്‍റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ)

ഇത്രയുംനാൾ ഈ ഉദ്യോഗസ്ഥർ എവിടെയായിരുന്നു. റോഡി‍െൻറ വക്കത്തും ഓടയുടെ മുകളിലും ഒക്കെ കൂണുപോലെ ഭക്ഷണശാലകൾ മുളച്ചുവന്നപ്പോഴും ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നില്ലേ. ഇപ്പോൾ ഒരു കുട്ടിയുടെ ജീവൻ പോകേണ്ടിവന്നു സംവിധാനം ഉണരാൻ. ഉദ്യോഗസ്ഥതലത്തിൽ കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണം. ഇപ്പോൾ നടത്തുന്ന പരിശോധനകൾ പോലും പോര എന്ന അഭിപ്രായമാണുള്ളത്. ഇത് സ്ഥിരം സംവിധാനമാകണം. ഒരു കടയിൽ ഒരാഴ്ചയിൽ രണ്ട് തവണയെങ്കിലും എഫ്.എസ്.എസ്.എ, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ കയറണം. കൊല്ലം കോർപറേഷനിൽ വർഷങ്ങളായി സ്ലാട്ടർ ഹൗസില്ല. പിന്നെ കശാപ്പു ചെയ്തുകൊണ്ടുവരുന്ന മാംസത്തി‍െൻറ ഗുണമേന്മ എങ്ങനെയാണ്, ആരാണ് ഉറപ്പുവരുത്തുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തിലാണോ ഗുണമേന്മയുള്ള വസ്തുക്കളാണോ ഉപയോഗിക്കുന്നത് എന്നതുകൂടി ചിന്തിച്ച് ഭക്ഷണത്തി‍െൻറ വില മാത്രം നോക്കിപ്പോകാതെ ഉപഭോക്താക്കളും ബോധവാന്മാരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetyshawarmamayonnaise
News Summary - 49 institutions closed in Kollam; Notice these things
Next Story