ചിന്നക്കട-ഇടമണ്‍ ദേശീയപാതക്ക് 447 കോടി
text_fieldsകൊല്ലം: ചിന്നക്കട മുതല്‍ ഇടമണ്‍ വരെയുള്ള 52 കിലോമീറ്റര്‍ ദേശീയപാത 744 വീതി കൂട്ടി നവീകരിക്കുന്നതിന് 447 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ 2023-24 ലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ദേശീയപാത-റോഡ് ഗതാഗത മന്ത്രാലയം ഫണ്ട് അനുവദിച്ചത്.
മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയത്. ഇ.പി.സി മോഡലിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുമംഗലം, ആര്യങ്കാവ്, ഇടമണ്‍, പത്തടി, ചടയമംഗലം, പാരിപ്പള്ളി വഴി കടമ്പാട്ടുകോണം വരെ പുതിയ ദേശീയപാത 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്ന സാഹചര്യത്തിലാണ് പഴയ 744 ന്റെ ഭാഗമായ ഇടമണ്‍ മുതല്‍ കൊല്ലം വരെയുള്ള ദേശീയപാതയുടെ സമഗ്ര പുനരുദ്ധാരണത്തിന് 447 കോടി രൂപയുടെ അനുമതി നല്‍കിയത്.
പുനലൂരിലെ വാളക്കോട് പാലം ഉള്‍പ്പെടെ നിരവധി ചെറുപാലങ്ങള്‍, കള്‍വര്‍ട്ടുകള്‍, ഡ്രെയിനേജുകള്‍ എന്നിവയുടെ നിർമാണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റോഡിന്റെ വീതി വർധിപ്പിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ റോഡ് നവീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ബ്ലാക്ക് സ്പോട്ടുകള്‍ ഒഴിവാക്കും. ആധുനിക റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പര്യാപ്തമായ നിലയില്‍ ഭരണപരമായ നടപടികള്‍ പുരോഗമിക്കുന്നു.
ഇടമണ്‍-കൊല്ലം റോഡിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എന്‍.കെ. പ്രേമചന്ദ്രന് എം.പി നിരവധി നിവേദനങ്ങള്‍ നല്‍കുകയും ദേശീയപാത അതോറിറ്റി ചെയര്മാന് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം ദേശീയപാത അതോറിറ്റി തയാറാക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം നല്കിയ ദേശീയപാത അതോറിറ്റിയെയും മന്ത്രി നിതിന്‍ ഗഡ്കരിയെയും എന്‍.കെ. പ്രേമചന്ദ്രന് എം.പി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

