ദേശീയപാത 744 വികസനത്തിന് 4047.34 കോടിയുടെ അടങ്കല്‍
text_fieldsRepresentation Image
കൊല്ലം: ദേശീയപാത 744 ന്റെ വികസനത്തിനായി 4047.34 കോടി രൂപയുടെ അടങ്കല്‍. നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കോമ്പീറ്റന്റ് അതോറിറ്റിയിൽ അടങ്കൽ പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. കടമ്പാട്ടുകോണം മുതല്‍ ആര്യങ്കാവ് വരെയുള്ള 58.915 കി.മീറ്റർ റോഡാണ് പദ്ധതിയിലുള്ളത്. അതില്‍ 38.240 കി.മീറ്റർ ദൂരം പുതിയതായി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡും അവശേഷിക്കുന്നത് നിലവിലെ റോഡ് വികസനവുമാണ്. ആകെ 273 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ആവശ്യം. അതില്‍ 36.43 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണ്. കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച പദ്ധതിരേഖ ലാന്‍ഡ് അക്വിസിഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കോമ്പിറ്റന്റ് അതോറിറ്റിയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള റോഡാണ് ഗ്രീന്‍ഫീല്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെന്മല മുതല്‍ ആര്യങ്കാവ് വരെയുള്ള നിലവിലുള്ള റോഡാണ് വികസിപ്പിക്കുന്നത്. 45 മീറ്റര്‍ വീതിയിൽ നാലുവരി പാതയാണ് നിര്‍മിക്കുന്നത്. വനമേഖലയില്‍ റോഡിന്റെ വീതി 30 മീറ്ററായി ചുരുങ്ങും.
പാലങ്ങള്‍, കലുങ്കുകള്‍, ഓടകള്‍, റീടെയിനിങ് വാളുകള്‍ എന്നിവ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡിന്റെ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ജങ്ഷനുകള്‍ വികസിപ്പിച്ച് ഓവര്‍ബ്രിഡ്ജോ അണ്ടര്‍പാസോ നിര്‍മിക്കും. സാധാരണ റോഡുകളില്‍ നിന്ന് വ്യത്യസ്തമായി കുടിവെള്ളം, വൈദ്യുതി, ടെലിഫോണ്‍ എന്നിവക്ക് റോഡ് ഗതാഗതത്തെ ബാധിക്കാത്തവണ്ണം പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഉണ്ടാക്കാനും റോഡരികിൽ റസ്റ്റാറന്റുകള്‍, ലഘുഭക്ഷണശാലകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാനും നിർദേശം പരിഗണനയിലാണ്. കേരളത്തിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കോറിഡോറിന്റെ സമഗ്രവികസനത്തിനുള്ള അംഗീകാരത്തിനാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.
പുതിയതായി 20 വലിയ പാലങ്ങളും 16 ചെറിയ പാലങ്ങളും നിര്‍മിക്കാനും നിലവിലെ രണ്ട് ചെറിയ പാലങ്ങള്‍ പുനരുദ്ധരിക്കാനും നിർദേശമുണ്ട്.
വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന ആറ് അണ്ടര്‍പാസുകളും ഇടത്തരം വാഹനങ്ങള്‍ക്കായി ഏഴ് അണ്ടര്‍പാസുകളും ചെറിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് 12 അണ്ടര്‍പാസുകളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. എലിഫന്റ് അണ്ടര്‍പാസ് മൂന്നെണ്ണവും 23 വെഹിക്കുലര്‍ ഓവര്‍പാസും പദ്ധതി നിർദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 91 പുതിയ കലുങ്കുകളും 32 കലുങ്കുകളുടെ പുനര്‍നിര്‍മാണവും നിര്‍മാണ രൂപരേഖയിലുണ്ട്.
ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി രണ്ട് പാര്‍ക്കിങ് സ്റ്റേഷനുകളും 28 ബസ് കാത്തരിപ്പ് കേന്ദ്രങ്ങളും അംഗീകാരത്തിനായി പരിഗണനയിലാണ്. അന്തിമ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അന്തിമ അംഗീകാരം ലഭിച്ചാലുടന്‍ അനന്തര നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

