ആദ്രിദേവിന്റെ കണ്ണുടക്കി, ഒരു കുടുംബത്തിന് ആശ്വാസമൊരുങ്ങി
text_fieldsമയ്യനാട്: ആദ്രിദേവിന്റെ കണ്ണുകൾ സൂക്ഷ്മ ദർശിനിക്കും മേലെയാണ്. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ആ നാലര വയസ്സുകാരന്റെ കണ്ണിൽപെട്ട കാഴ്ച പത്തനാപുരം തലവൂർ സ്വദേശിയായ ഫൈസലിനാണ് ആശ്വാസമേകിയത്. ഫൈസലിന്റെ കൈയിൽനിന്നും നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് ആണ് ആദ്രിദേവിന്റെ യാത്രക്കിടയിലെ ശ്രദ്ധയിൽ തിരികെ കിട്ടിയത്.
മയ്യനാട് വലിയവിള വയലിൽ പുത്തൻവീട്ടിൽ മാധ്യമപ്രവർത്തകനായ ശ്യാം ഷാജിയും ഭാര്യയും വെള്ളിയാഴ്ച വൈകീട്ട് ആശ്രാമം മൈതാനത്ത് പാരഡൈസ് പാർക്കിൽ പോയ ശേഷം മകനോടൊപ്പം തിരികെ വീട്ടിലേക്ക് പോകവെയാണ് മൈതാനത്തിനടുത്ത് ഒരു കാറിന് സമീപം പഴ്സ് കിടക്കുന്നത് ആദ്രി ദേവിന്റെ കണ്ണിൽപ്പെട്ടത്. പഴ്സ് ആണെന്ന് പറയാൻ അറിയില്ലെങ്കിലും പൈസവെക്കുന്ന ഒരു സാധനം റോഡിൽ കിടക്കുന്നതായി കണ്ടെന്ന് പിതാവിനെ ഈ നാലര വയസ്സുകാരൻ അറിയിക്കുകയായിരുന്നു.
തന്റെ പഴ്സ് ആയിരിക്കും എന്ന് കരുതി പോക്കറ്റിൽ പരതി നോക്കിയപ്പോൾ പഴ്സ് സുരക്ഷിതമായി പോക്കറ്റിൽ തന്നെയുണ്ടെന്ന് മനസ്സിലായി. തുടർന്ന് തിരികെ പോയി മകൻ പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ പണം അടങ്ങിയ പഴ്സ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബൈക്കിൽനിന്ന് ഇറങ്ങി ആദ്രിദേവ് തന്നെപഴ്സ് എടുത്ത് പിതാവിനെ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോഴാണ് 4500 രൂപയും ആധാറും, എ.ടി.എം കാർഡ് ഉൾപ്പെടെ മറ്റു രേഖകളും കണ്ടത്. തുടർന്ന് ഒട്ടും സമയം കളയാതെ
മാതാപിതാക്കൾ ആദ്രിദേവുമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പഴ്സ് പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് സമൂഹമാധ്യമത്തിൽ പഴ്സ് കിട്ടിയ വിവരവും പങ്കുവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടമയായ പത്തനാപുരം തലവൂർ സ്വദേശി ഫൈസൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പഴ്സ് ഏറ്റുവാങ്ങി.
കുടുംബത്തോടൊപ്പം വന്നപ്പോൾ എങ്ങനെയോ പഴ്സ് താഴെ വീണു പോയതാണ് എന്നും നഷ്ടപ്പെട്ട വേദനയിൽ നിൽക്കുകയായിരുന്നു എന്നും ഉടമ പറഞ്ഞു. പഴ്സ് കിട്ടിയ സന്തോഷത്തിൽ ഉടമ ആദ്രിദേവിനും കുടുംബത്തിനും നന്ദി രേഖപ്പെടുത്തി. ആദ്രിദേവ് മയ്യനാട് ബ്ലൂംസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. ദേവിക എസ്. കുമാർ ആണ് മാതാവ്. കുഞ്ഞിക്കണ്ണുകളിൽ ഒരു നിമിഷം പഴ്സ് ഉടക്കിയ കാഴ്ചയിൽ, ഈ ഓണക്കാലത്ത് ഒരു കുടുംബത്തിന് ആശ്വാസമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആദ്രിദേവിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

