മൂന്ന് ദിവസം പനിക്ക് ചികിത്സ തേടിയത് 2415 പേർ
text_fieldsകൊല്ലം: പനിയിൽ വിറച്ച് ചികിത്സ തേടിയെത്തുന്നവരാൽ നിറഞ്ഞ് കവിഞ്ഞ് സർക്കാർ, സ്വകാര്യ ആശുപത്രികൾ. മൂന്ന് ദിവസത്തിനിടയിൽ സർക്കാർ ആശുപത്രികളിൽ മാത്രമായി ജില്ലയിൽ ചികിത്സതേടിയത് 2415 പേർ. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം എന്നിങ്ങനെ പകർച്ചവ്യാധികൾ കാരണം വലയുകയാണ് ജില്ല.
വ്യാഴാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയ ജില്ലകളിൽ മലപ്പുറത്തിന് പിറകിൽ രണ്ടാം സ്ഥാനത്താണ് കൊല്ലം എത്തിയത്. 1435 പേരാണ് ഒറ്റ ദിവസം പനിയുമായി ചികിത്സ തേടിയത്. ജൂലൈ ഒന്നിന് 477 പേർ ചികിത്സ തേടിയതിന് തൊട്ടുപിന്നാലെയാണ് ഒരു ദിവസം ഇത്രയും കേസുകൾ ആശുപത്രികളിൽ നിറഞ്ഞത്.
വെള്ളിയാഴ്ച 503 പേരാണ് ഒ.പിയിൽ എത്തിയത്. 32 പേർക്ക് ഈ ദിവസങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ 42 പേർ ഡെങ്കി ലക്ഷണങ്ങളുമായും എത്തി. ചിതറ, കിളികൊല്ലൂർ, കുന്നത്തൂർ, മേലില, പാലത്തറ, പെരിനാട്, ശക്തികുളങ്ങര, തലവൂർ, വാടി, ചവറ, മൈനാഗപ്പള്ളി, നിലമേൽ, പത്തനാപുരം, തേവലക്കര, നെടുമൺകാവ്, പാരിപ്പള്ളി, തൃക്കടവൂർ, ഉളിയക്കോവിൽ, വെളിയം എന്നിങ്ങനെ ജില്ലയിലങ്ങോളമിങ്ങോളം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തീരമേഖലയായ വാടിയിൽ നാല് പേർക്ക് ആണ് രണ്ട് ദിവസത്തിനുള്ളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
അഞ്ച് പേർക്കാണ് മൂന്ന് ദിവസത്തിനുള്ളിൽ എലിപ്പനി സ്ഥിരീകരിച്ചത്. പുനലൂർ, മൈലം, പട്ടാഴി, പാരിപ്പള്ളി, തൊടിയൂർ എന്നിവിടങ്ങളിലാണ് രോഗം. പൂയപ്പള്ളിയിൽ മലേറിയയും ഒരാൾക്ക് ബാധിച്ചു. ജില്ലയിൽ ആറ് പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. ജൂണിൽ മാത്രം 16,293 പേരാണ് ജില്ലയിൽ ആകെ പനിക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവുടെ കണക്കുകൾ കൂടി ചേരുമ്പോൾ പനി ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരും. ആശുപത്രികളിൽ പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണ് രോഗികൾക്ക് ഡോക്ടർമാരെ കാണാൻ കഴിയുന്നത്. ആരോഗ്യസംവിധാനത്തിനെ തളർത്തുന്ന നിലയിൽ പനികേസുകൾ ഉയരുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

