22,54,848 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം - കലക്ടര്‍
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് കലക്ടര്‍ എന്‍.ദേവിദാസ്. 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 22,54,848 വോട്ടര്‍മാരുണ്ട്. 10,43,920 (പുരുഷ) 12,10,905 (സ്ത്രീ) 23 (ട്രാന്‍സ്ജെന്‍ഡര്‍) ഉള്‍പ്പെടുന്നു. 48 പേര് പ്രവാസികളാണ്. ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. 2514 പുരുഷന്മാരും 3138 വനിതകളും ഉള്‍പ്പെടുന്നു. 1721 പേര് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ആകെ സ്ഥാനാര്‍ഥികള്‍- 5652. ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, ഗ്രാമപഞ്ചായത്ത്-4402, കോര്പറേഷന്-202, നഗരസഭ-427. ഇലക്ട്രോണിക് വോട്ടിംഗ്യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയാക്കി. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കണ്ട്രോള് യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
നഗരസഭ/ കോര്‍പറേഷനില്‍ ഒരു കണ്ട്രോള് യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. 7422 ബാലറ്റ് യൂണിറ്റുകളും 2730 കണ്ട്രോള് യൂണിറ്റുകളും സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട് . റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. 1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങളും. ഡിസംബര്‍ എട്ട് രാവിലെ എട്ടു മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ ലഭ്യമാക്കും. 61 പ്രശ്നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി.
ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളായി. റൂറല്‍ മേഖലയില്‍ 2727, സിറ്റി 2409 എന്നിങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ആകെ 5136 പേരുണ്ട്. സിറ്റിയില്‍ 8 ഡിവൈ.എസ്.പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 414 സ്പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.റൂറല്മേഖലയിലെ പ്രശ്നബാധിതബൂത്തുകളില്‍ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷന് സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

