10 വർഷത്തിനകം പുനരുദ്ധരിച്ചത് 200 കുളങ്ങള്‍ ‘സുജലം’ സജലമാക്കാന്‍ ജില്ല പഞ്ചായത്ത്
text_fieldsകൊല്ലം: ജില്ലയിലെ വറ്റുന്ന ജലസ്രോതസ്സുകള്‍ തിരിച്ചുപിടിക്കാന്‍ ‘സുജലം’ പദ്ധതിയുമായി ജില്ല പഞ്ചായത്ത്.
ഗ്രാമീണമേഖലയിലെ കുളങ്ങള്‍ കുടിവെള്ളത്തിനും, ജലസേചനത്തിനും ഉതകും വിധം നവീകരിക്കുന്ന പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് നടപ്പിലാക്കി വരുന്നത്.
15 മുതല്‍ 20 കുളങ്ങളാണ് പ്രതിവര്‍ഷം നവീകരിക്കുന്നത്. ഇത്തരത്തിൽ 10 വർഷമായി പ്രവര്‍ത്തികൾ നടക്കുന്നു.വര്‍ഷങ്ങളായി ഉപയോഗശൂന്യമായി, കാടുമൂടി നാശത്തിലേക്ക് കടന്ന ജലസ്രോതസ്സുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒരുമാളൂര്, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ തുമ്പിളിശ്ശേരി, പെരിനാട് പഞ്ചായത്തിലെ ചെറുമൂട് കടമ്പാട്ട്, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ പേരൂര്‍ പുതുശ്ശേരി കുളം, കുമ്മിള്‍ ക്ഷേത്രക്കുളം തുടങ്ങി കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഏകദേശം 40 കോടി രൂപ ചെലവഴിച്ച് 200 ഓളം കുളങ്ങള്‍ ജില്ല പഞ്ചായത്ത് പുനരുദ്ധരിച്ച് നാടിന് സമര്‍പ്പിച്ചു.
2018ല്‍ പദ്ധതി തുടങ്ങുമ്പോള്‍ ഇവയില്‍ പലതും വെള്ളമില്ലാതെ വറ്റിവരണ്ടും കാടുകയറിയും നാശത്തിന്റെ വക്കിലായിരുന്നുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് പറഞ്ഞു.
ശരാശരി 50-100 ഗുണഭോക്താക്കളാണ് നവീകരിച്ച ഓരോ കുളത്തിനുമുള്ളത്. കുളങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കിണറുകളില്‍ ജലം ലഭ്യമാകുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ഓരോ കുളവും മണ്ണെടുത്ത് ആഴം കൂട്ടി, വെള്ളം എത്താനുള്ള സൗകര്യം, അധികജലം പുറത്തേക്കൊഴുകാനുള്ള സംവിധാനം, കൃഷിക്ക് ആവശ്യമായ വെള്ളം നല്കാന് റെഗുലേറ്റര്‍ വാല്‍വ് എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ശുചീകരിച്ച കുളങ്ങള്‍ വീണ്ടും മാലിന്യം നിറയാതെ സംരക്ഷിക്കാന്‍ അതാത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ചുമതല.
ഓരോ വര്‍ഷവും നാലുകോടിയാണ് പദ്ധതിക്കായി ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്നത്. മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കുളങ്ങളുടെ നിലവിലെ അവസ്ഥ, നവീകരണത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ എന്നിവ വിശദമായി പഠിച്ച് എസ്റ്റിമേറ്റ് തയാറാക്കും. കുളങ്ങളുടെ വശങ്ങള് ബലപ്പെടുത്തി എക്കലും മണ്ണും നീക്കം ചെയ്ത് സംഭരണശേഷി കൂട്ടുക, ഇറങ്ങാനുള്ള കൈവരി, നടപ്പാത എന്നിവ നിര്‍മ്മിക്കുക, ഇന്റര്‍ലോക്ക് പാകുക, ചുറ്റുമതില്‍ നിര്‍മാണം, ശുദ്ധജലം ഉറപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങളാണുള്ളത്.
ക്ലബുകൾ, സന്നദ്ധ സംഘടനകള്‍, എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവയുടെ സഹായത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. 10 സെന്റ് മുതല്‍ 65 സെന്റ് വരെ വലിപ്പമുള്ള കുളങ്ങളാണ് ഇതുവരെ പദ്ധതിപ്രകാരം നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

