ഭക്ഷ്യസുരക്ഷ പരിശോധന: മൂന്ന് മാസത്തിനിടെ 1.68 ലക്ഷം പിഴ
text_fieldsകൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് മാസത്തിനിടെ 1497 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി കണക്ക്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍നിന്ന് 1.67,900 രൂപ പിഴ ഈടാക്കി. 223 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 918 ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 42 കേസുകള്‍ കോടതികളിലാണന്നും അധികൃതർ പറഞ്ഞു.
ക്ലീന്‍ കേരള കാമ്പയിന്റെ ഭാഗമായി 509 പരിശോധനകളാണ് നടന്നത്. 103 സാമ്പിളുകള്‍ ലാബുകളിലേക്ക് നല്കി. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ’ഓപറേഷന് സേഫ് സമ്മര്‍’ എന്നപേരിൽ പരിശോധനക്ക് സ്ക്വാഡുകള്‍ രൂപീകരിച്ച് 443 പരിശോധന നടത്തി, 97 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. റമദാനോടനുബന്ധിച്ച് 149 പരിശോധനകള്‍ നടത്തി 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത സ്ക്വാഡുകള്‍ രൂപീകരിച്ച് സ്കൂളുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഉത്സവ മേഖലയായി പ്രഖ്യാപിച്ച ആരാധനാലയങ്ങളുടെ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നുണ്ടന്നും അധികൃതർ പറഞ്ഞു.
വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വില്പന നടത്തിയതിനെ തുടര്‍ന്ന് പൂട്ടി ലേബല്‍ ചെയ്ത സ്വകാര്യ സ്ഥാപനം നിയമവിരുദ്ധമായി വീണ്ടും പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് പൊലീസിന് കൈമാറി. സ്കൂളുകളില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അവലോകനയോഗം തീരുമാനിച്ചു. എ.ഡി.എം എസ്. സജീദ് അധ്യക്ഷത വഹിച്ചു. അസി. ഭക്ഷ്യസുരക്ഷ കമീഷണര്‍ സക്കീര്‍ ഹുസൈന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

