ബൈക്കപകടത്തിൽ പതിനാറുകാരൻ മരിച്ച സംഭവം; വാഹന ഉടമയെ കണ്ടെത്താൻ ശ്രമം
text_fieldsകുളത്തൂപ്പുഴ: ഇരുചക്രവാഹനം അപകടത്തില്‍പെട്ട് 16കാരന് മരിച്ച സംഭവത്തിൽ ബൈക്ക് ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10ഓടെ കുളത്തൂപ്പുഴ പച്ചയില്‍ക്കട ബഥനി സ്കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കല്ലുവെട്ടാംകുഴി ചരുവിള പുത്തന്‍വീട്ടില്‍ ആകാശ് (16) മരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം അഞ്ചൽ ബൈപാസിൽ ഭക്ഷണം കഴിക്കാൻപോയി മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽപെട്ട ഇരുചക്ര വാഹനം സംഭവസ്ഥലത്ത്നിന്ന് പൊലീസ് കണ്ടത്തി. തിരുവനന്തപുരം കല്ലറ തടത്തരികത്ത് വീട്ടില്‍ സുബാഷിന്റെ ഉടമസ്ഥതയിലുളളതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആകാശിന്റെ കൈവശം ഇരുചക്രവാഹനം എങ്ങനെയെത്തി എന്നത് സംബന്ധിച്ചാണ് പൊലീസ് പരിശോധിക്കുന്നത്.
മാതാവ് നീനയുടെ അമ്മാവന് അനിയന്കുഞ്ഞിനൊപ്പം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിലെ വീട്ടില്‍നിന്ന് പഠനം നടത്തുന്ന ആകാശിന് വയോധികരായ ഇവര്‍ വാഹനം വാങ്ങാന്‍ സഹായിച്ചിട്ടില്ലന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആര്.സി ഉടമയെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ജനപ്രതിനിധിയുമായി സംസാരിച്ച് ആളെ തിരിച്ചറിഞ്ഞ് ഫോണ്‍ നമ്പര്‍ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരം ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി കുളത്തൂപ്പുഴ എസ്.എച്ച്.ഒ. ആര്. ബിന്‍സി അറിയിച്ചു.

