കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 15 വർഷം കഠിനതടവ്;പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ്
text_fieldsഹെബി മോൻ, ഷൈൻ
കൊല്ലം: എം.സി റോഡിൽ നിലമേൽ ജങ്ഷന് സമീപം 53.860 കിലോ കഞ്ചാവ് കാറിലെ രഹസ്യഅറയിൽ കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ചിതറ വളവുപച്ച പേഴുംമൂട് വളവിൽ ഹെബി നിവാസിൽ ഹെബി മോൻ (44), നെയ്യാറ്റിൻകര മഞ്ചവിളാകത്ത് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈൻ (38) എന്നിവരെ 15 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ഉത്തരവായി. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
2023 ഏപ്രിൽ മൂന്നിന് രാത്രി 12.20നാണ് സംഭവം. പ്രതികൾ തിരുവനന്തപുരം ഭാഗത്തുനിന്ന് കാറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായ വിവരത്തെത്തുടർന്ന് ചടയമംഗലം സബ് ഇൻസ്പെക്ടർ എം. മോനിഷും സംഘവും എം.സി റോഡിൽ നിലമേൽ ക്ഷേത്രത്തിന് സമീപം പരിശോധന നടത്തുകയായിരുന്നു. നിർത്താൻ സിഗ്നൽ നൽകിയിട്ടും ഓടിച്ചുപോയ കാർ പിന്തുടർന്ന് പൊലീസ് പിടികൂടി.
കാറിന്റെ ടെയിൽ ലാമ്പിനുള്ളിലും അടിഭാഗത്തും നിർമിച്ച രഹസ്യ അറകളിൽ 26 പാക്കറ്റുകളിൽ സൂക്ഷിച്ച 53.860 കിലോ കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. ഒഡിഷ അതിർത്തിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കാറിന് വ്യാജ നമ്പറായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ വ്യാജ നമ്പർപ്ലേറ്റുകൾ കാറിൽനിന്ന് കണ്ടെത്തി.
2021ൽ 84 കിലോ കഞ്ചാവ് കടത്തിയ കേസിൽ ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഹെബിമോൻ. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ സുനിൽ ജി. സുനീഷ്, എസ്.സി.പി.ഒ എം.എസ്. സനൽകുമാർ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

