1457 കുടുംബങ്ങൾ മുൻഗണന വിഭാഗത്തിൽനിന്ന് പുറത്ത്
text_fieldsകൊല്ലം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെത്തുടർന്ന് ജില്ലയിലെ 1457 കാർഡ് ഉടമകൾ മുൻഗണന വിഭാഗത്തിൽനിന്ന് പുറത്തായി. മുൻഗണന വിഭാഗത്തിൽപെടുന്ന പി.എച്ച്.എച്ച് കാർഡുകളിൽ നിന്ന് 1368 കുടുംബമാണ് തുടർച്ചയായി മൂന്നുമാസം റേഷൻ കടകളിൽ എത്താതിരുന്നതിനെ തുടർന്ന് മുൻഗണന വിഭാഗത്തിൽ നിന്നും പുറത്തായത്.
ഇവരെ പൊതുവിഭാഗമായ മുൻഗണനേതര വിഭാഗം (എൻ.പി.എൻ.എസ്) റേഷൻകാർഡിലേക്ക് തരംമാറ്റുകയു ചെയ്തു. ഒപ്പം അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗം റേഷൻകാർഡുകൾ കൈവശം വെച്ചിട്ടുള്ള 89 കുടുംബങ്ങളും പൊതുവിഭാഗം സബ്സിഡിയുള്ള (എൻ.പി.എസ്) വിഭാഗത്തിലേക്ക് മാറ്റി. ആനുകൂല്യങ്ങളുള്ള കാർഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷൻ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയാറാക്കിയാണ് മുൻഗണന വിഭാഗത്തിൽനിന്ന് നീക്കിയത്. അതേസമയം, വ്യക്തമായ കാരണങ്ങളുള്ള കാർഡ് ഉടമകൾക്ക് അപേക്ഷ നൽകി വീണ്ടും സബ്സിഡി വിഭാഗത്തിലേക്ക് എത്താൻ അവസരമുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഒഴിവുവന്ന സബ്സിഡി വിഭാഗത്തിലേക്ക് പുതിയതായി അപേക്ഷ നൽകിയവരെ ഉൾപ്പെടുത്തും.
അര്‍ഹരായ നിരവധി കാര്‍ഡുടമകള്‍ മുന്‍ഗണന കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ജില്ലക്ക് അനുവദിച്ച മുന്‍ഗണന കാര്‍ഡുകളുടെ എണ്ണത്തിന്റെ പരിധി എത്തിയതിനാല്‍ പുതുതായി മുന്‍ഗണന കാര്‍ഡുകള്‍ നല്കുവാന് സാധിക്കുന്നില്ല.
അനര്‍ഹര്‍ സ്വമനസാലെ തങ്ങളുടെ മുന്‍ഗണന കാര്‍ഡുകള്‍ മുന്‍ഗണേതര വിഭാഗത്തിലേക്കു മാറ്റിയാലേ ഇത്തരത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കു മുന്‍ഗണന കാര്‍ഡ് നല്കുവാന് സാധിക്കുകയുള്ളൂ. ഇങ്ങനെ സപ്ലൈ ഓഫിസറുമായി ബന്ധപ്പെട്ട് അനര്‍ഹമായി കൈവശം വച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കുന്ന കാര്‍ഡുടമകളെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരവധി അറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അനര്‍ഹരെ കണ്ടെത്താനുള്ള ഊർജിത പരിശോധനകളാണ് ജില്ല, താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങിയ സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന കാര്‍ഡുടമകളില്‍ നിന്നും റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുന്നതോടൊപ്പം മറ്റു ശിക്ഷാനടപടികളും സ്വീകരിക്കും. മുഴുവന്‍ അനര്‍ഹരെയും ഒഴിവാക്കി അപേക്ഷ നല്കി കാത്തിരിക്കുന്ന മുഴുവന്‍ അര്‍ഹരായവര്‍ക്കും മുന്‍ഗണന കാര്‍ഡ് ലഭ്യമാക്കാനാണ് ജില്ലയിലെ പൊതുവിതരണ വകുപ്പിന്റെ നീക്കം.
മുന്‍ഗണന /എ.എ.വൈ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍ ആരൊക്കെ
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപന ജീവനക്കാര്‍, സഹകരണ സ്ഥാപന ജീവനക്കാര്‍, സര്‍വീസ് പെന്ഷണര്, ആദായ നികുതിദായകര്‍, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലിചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍(പട്ടികവര്‍ഗക്കാര്‍ ഒഴികെ) സ്വന്തമായി 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവര്‍. നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍ (ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ) കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

