Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്.എസ്.എൽ.സി:...

എസ്.എസ്.എൽ.സി: ജില്ലയിൽ 98.8 ശതമാനം

text_fields
bookmark_border
4091 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി കൊല്ലം: കോവിഡ് അതിജീവനത്തിൽനിന്ന് സ്കൂൾ അധ്യയനം സാധ്യമായ ശേഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 98.8 ശതമാനം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് യോഗ്യത. അധ്യയനമില്ലാതെ നടന്ന കഴിഞ്ഞ എസ്.എസ്.എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഉയർന്ന വിജയശതമാനമായ 99.25ൽ എത്തിയിരുന്നു. ഇത്തവണ ഫോക്കസ് ഏരിയയോടൊപ്പം സിലബസിലെ ഭാഗങ്ങളും ചേർത്താണ് പരീക്ഷ നടത്തിയത്. 134 സ്കൂളുകൾ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 30906 വിദ്യാർഥികളിൽ 30534 പേർ ഉപരിപഠനത്തിന്​ അർഹരായി. ആൺകുട്ടികളിൽ പരീക്ഷ എഴുതിയ 15997ൽ 15787ഉം പെൺകുട്ടികളിൽ പരീക്ഷ എഴുതിയ 14909ൽ 14747 പേരുമാണ് യോഗ്യത നേടിയത്. ഉപരിപഠനത്തിന്​ അർഹരായവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ജില്ല 12ാം സ്ഥാനത്താണ്. 4091 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇവരിൽ 2884 പേരും പെൺകുട്ടികളാണ്. ആൺകുട്ടികളിൽ 1207 പേർക്കാണ് എ പ്ലസ്. കഴിഞ്ഞ വർഷം 9701 പേർക്ക് എ പ്ലസ് ലഭിച്ചിരുന്നു. വിദ്യാഭ്യാസ ജില്ലകളിൽ കൊട്ടാരക്കരയാണ് ഇത്തവണയും മുന്നിൽ. വിജയശതമാനം 99.39. പരീക്ഷ എഴുതിയ 7748ൽ 7701ഉം ഉപരിപഠനത്തിന് അർഹരായി. (ആൺ -4012, പെൺ -3689). കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 99.28 ശതമാനമായിരുന്നത് ഇപ്പോൾ 98.55 ശതമാനമായി. 16538 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 16298 പേർ യോഗ്യത നേടി. (ആൺ. 8421, പെൺ. 7877). പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ 98.72 ശതമാനമാണ് യോഗ്യത. പരീക്ഷക്കിരുന്ന 6620 പേരിൽ 6535 പേർക്കാണ് യോഗ്യത. (ആൺ. 3354, പെൺ.3181). ജില്ലയിലെ 4091 എ പ്ലസിൽ 1878ഉം കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ്. (ആൺ. 543, പെൺ. 1335). കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ 1376 (ആൺ. 454, പെൺ. 922), പുനലൂരിൽ 837 (ആൺ. 210, പെൺ. 627) എന്നിങ്ങനെയാണ് എ പ്ലസുകാരുടെ എണ്ണം. 100 ശതമാനം യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണം ഇത്തവണ 134 ആയി കുറഞ്ഞു. ഗവ. സ്കൂൾ -42, എയ്ഡഡ് -73, അൺ എയ്ഡഡ് -18 എന്നിങ്ങനെയാണ് മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹമായ സ്കൂളുകളുടെ എണ്ണം. കഴിഞ്ഞ തവണ 139 സ്കൂളുകൾക്കായിരുന്നു 100 ശതമാനം യോഗ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story