Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:33 AM IST Updated On
date_range 27 April 2022 5:33 AM ISTയുവജനോത്സവം 3
text_fieldsbookmark_border
കൊല്ലം പൊളിയല്ലേ യുവജനോത്സവം എങ്ങനെയുണ്ട്? കൊള്ളാം, പൊളിയല്ലേ... ചോദ്യത്തിന് റെഡിയാണ് ഉത്തരം. ഇവിടത്തെ വൈബാണ് വൈബ്...കൊല്ലം വൈബ് എന്ന് ഒരു യൂത്ത് ബ്രോ പറഞ്ഞതും അതുകൊണ്ടാണ്. ശരിക്കും ആകെ മൊത്തം വൈബിൽ ആടിത്തുടിക്കുകയായിരുന്നു യുവത്വം. കെട്ടിപ്പൂട്ടിയിരുന്ന ആ രണ്ട് കൊല്ലത്തിന്‍റെ എല്ലാ കെട്ടുപാടും ഇവിടെക്കൊണ്ടിറക്കി വെച്ചപ്പോൾ എന്ത് ആശ്വാസം. നല്ല പൊരിഞ്ഞ ചൂടിൽ തണുത്തൊരു കൊല്ലം സ്പെഷൽ കരിക്കിൻ ഷേക്ക് കുടിച്ച സുഖം. ഈ വൈബ് ഇങ്ങനെ തീരാതെ പോയിരുന്നെങ്കിൽ എന്ന് യുവമനസ്സുകൾ കൊതിച്ചുപോയതിൽ കുറ്റം പറയാൻ പറ്റുമോ. ഒന്നുമല്ലെങ്കിലും രണ്ട് വർഷം കഴിഞ്ഞ് വന്നതല്ലേ. മിനിമം ഒരു രണ്ട് ദിവസം കൂടിയെങ്കിലും നീട്ടിക്കൂടെ എന്ന് കാമ്പസുകളിൽനിന്ന് കൈവീശി കടന്നുപോകുന്ന ഓരോ കണ്ണും ചോദിക്കുന്നുണ്ടായിരുന്നു. മത്സരമൊക്കെ രണ്ടാമത്തെ കാര്യം, ഈ ഉത്സവം ആഘോഷിക്കാനാണ് ഞങ്ങൾ വന്നത് എന്ന് പ്രഖ്യാപിച്ച് കാമ്പസ് ജീവിതം കഴിഞ്ഞിറങ്ങി രണ്ടും നാലും അതിൽ കൂടുതലും കൊല്ലം കഴിഞ്ഞവർപോലും ഉള്ളിന്‍റെ ഉള്ളിൽ കിടന്ന ആ കോളജ് വൈബ് തിരിച്ചുപിടിക്കാൻ യുവജനോത്സവ നഗരിയിൽ ഒഴുകിനിറയുന്ന കാഴ്ചയായിരുന്നു ഈ കഴിഞ്ഞ നാല് ദിവസവും. ആ ഒഴുക്ക് അണമുറിയാതെ വന്നതോടെ നിറഞ്ഞുതുളുമ്പുന്ന അഷ്ടമുടി പോലെയായി ചൊവ്വാഴ്ച പ്രധാന വേദിയായ എസ്.എൻ കോളജും എസ്.എൻ വനിത കോളജും ഫാത്തിമ മാതയുമെല്ലാം... ശരിക്കും ഉത്സവപ്പറമ്പിൽ പിടിവിട്ട പട്ടങ്ങൾപോലെ പാറിപ്പറന്ന് ആടിത്തിമിർത്ത് അവർ ആഘോഷിച്ചു. വേദികളിൽ കൂട്ടുകാരൊരുക്കുന്ന സർഗവിസ്മയം കാണാനും ഇടക്ക് കൂട്ടം കൂടിയിരുന്ന് കളിചിരി വർത്തമാനങ്ങൾ പങ്കുവെക്കാനും അടിച്ചുപൊളി പാട്ടുകൾക്കൊപ്പം ഒത്തുചേർന്ന് നാല് സ്റ്റെപ്പിടാനും ആർപ്പുവിളിക്കാനും ഞങ്ങൾ എന്ത് കൊതിച്ചെന്നോ എന്ന് ഓരോ മുഖവും പറയാതെ പറഞ്ഞാണ് കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന് തിരശ്ശീല വീഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story