Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:38 AM IST Updated On
date_range 20 Jun 2022 5:38 AM ISTപി.എസ്.സി പരീക്ഷ തട്ടിപ്പ്: ആദ്യ കേസിന്റെ അന്തിമ വാദം ജൂൺ 22ന്
text_fieldsbookmark_border
കൊല്ലം: 2010ൽ കൊല്ലം കേന്ദ്രീകരിച്ച് നടന്ന പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസുകളിലെ ആദ്യകേസിന്‍റെ വിചാരണ പൂർത്തിയായി. അന്തിമ വാദം ജൂൺ 22ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. രമേശ് കുമാറിന്‍റെ കോടതിയിൽ നടക്കും. 2010 ഒക്ടോബർ 12ന് പി.എസ്.സി നടത്തിയ സബ് ഇൻസ്പെക്ടർ ട്രെയിനി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിന്‍റെ വിചാരണയാണ് പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി മുകുന്ദപുരം ചവറ വരുവിളവീട്ടിൽ ബൈജു ഇടതുതോളിൽ ഒട്ടിച്ചുെവച്ച മൊബൈൽ ഫോൺ വഴി, രണ്ടാം പ്രതി തേവലക്കര ചുണ്ടണ്ടാഴിക്കത്ത് വീട്ടിൽ ദിലീപ് ചന്ദ്രന്‍റെ സഹായത്തോടെ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് കേസ്. ദിലീപ് ചന്ദ്രൻ ഫോണിലൂടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സമയത്ത് ബൈജു പൊലീസിലും ദിലീപ് ചന്ദ്രൻ മലപ്പുറത്ത് വിദ്യാഭ്യാസവകുപ്പിൽ ക്ലർക്കായും ജോലി ജോലിചെയ്യുകയായിരുന്നു. കൊല്ലം ക്രേവൻ സ്കൂളിലെ പരീക്ഷകേന്ദ്രത്തിൽ ഒന്നാം പ്രതി ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ ഉറക്കെ വായിക്കുന്നത് കണ്ട് സംശയം തോന്നിയ പരീക്ഷക്ക് മേൽനോട്ടം വഹിക്കുകയായിരുന്ന പി.എസ്.സി ഉദ്യോഗസ്ഥരും ഇൻവിജിലേറ്ററും ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ശരീരത്തിൽ ഒട്ടിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. പരീക്ഷ സമയത്ത് രാവിലെ എട്ട് മുതൽ 8.37 വരെയുള്ള സമയത്തിനിടക്ക് 34 മിനിറ്റ് ഇരുപ്രതികളും തമ്മിൽ സംസാരിച്ചത് ഫോണിൽ കണ്ടെത്തി. ഈ സംഭവത്തിനെ തുടർന്ന് പി.എസ്.സിക്ക് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു. 1,30,680 രൂപയാണ് ഇതിൽ നഷ്ടമുണ്ടായത്. പി.എസ്.സി ഉദ്യോഗസ്ഥൻ നാരായണ ശർമ, പരീക്ഷ സൂപ്രണ്ട് ആയിരുന്ന പവിഴകുമാരി എന്നിവരുൾപ്പെടെ 25 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 56 ഓളം രേഖകൾ ഹാജരാക്കി. മൊബൈൽ സേവനദാതാക്കളായ ബി.എസ്.എൻ.എൽ, ഐഡിയ എന്നിവയുടെ ഉദ്യോഗസ്ഥരും കേസിൽ മൊഴി നൽകി. നിലവിൽ തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.പിയായ ബി. കൃഷ്ണകുമാർ അന്വേഷിച്ച കേസിൽ പി.എസ്.സി പരീക്ഷ കൺട്രോളർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും മൊഴി കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് സാക്ഷികൾ വിചാരണക്കിടെ കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച ആലപ്പുഴയിൽനിന്നുള്ള പൊലീസ് റൈറ്റർ ആയ ഷിബു കൂറുമാറിയതിനെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പ്തല അന്വേഷണം നടക്കുകയാണ്. വിചാരണ പൂർത്തിയായതിനെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന പ്രസൂൺ മോഹൻ പ്രമോഷൻ നേടി പോയതിനെ തുടർന്നാണ് നിലവിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. രമേശ് കുമാർ അന്തിമ വാദം കേൾക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ, അഡ്വ. ധീരജ് ജെ. െറാസാരിയോ, അഡ്വ. ജോയൽ ജോർജ് കമ്പിയിൽ, അഡ്വ. അർജുൻ യശ്പാൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story