Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTഒാപറേഷൻ പി ഹണ്ട് 21.1: ജില്ലയിൽ 35 കേസ്
text_fieldsbookmark_border
കൊല്ലം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും കാണുകയും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ കുടുക്കാൻ നടത്തിയ ഒാപറേഷൻ പി ഹണ്ടിൽ ജില്ലയിൽ 35 കേസുകൾ. കൊല്ലം സിറ്റിയിൽ 20 ഉം റൂറലിൽ 15 ഉം കേസ് രജിസ്റ്റർ ചെയ്തു. ഓപറേഷൻ പി ഹണ്ട് 21.1 എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡിൻെറ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. സിറ്റിയിൽ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കിളികൊല്ലൂർ, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി, കണ്ണനല്ലൂർ സ്റ്റേഷൻ പരിധികളിൽ സൈബർ സെല്ലിൻെറ സഹായത്തോടെ 22 ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ആളുകൾ പിടിയിലായി. ലാപ്ടോപ്, കമ്പ്യൂട്ടർ, അനുബന്ധ സാമഗ്രികൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്ത് ഫോറൻസിക്ക് പരിശോധനക്കയച്ചു. പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരൻ, കരാർ ജീവനക്കാർ, ഐ.ടി പ്രഫഷണലുകൾ, ഉയർന്ന ബിരുദമുള്ളവർ, തൊഴിൽരഹിതർ, വിദ്യാർഥികൾ എന്നിവരാണ് പിടിയിലായത്. ഫോറൻസിക് ഫലത്തിൻെറ അടിസ്ഥാനത്തിൽ അറസ്റ്റ് അടക്കം തുടർനടപടി ഉണ്ടാകും. ജില്ല പൊലീസ് മേധാവി ടി. നാരായണൻെറ നേതൃത്വത്തിൽ, സി ബ്രാഞ്ച് എ.സി.പി, സൈബർ സെൽ സബ് ഇൻസ്പെക്ടർ ഷാൻസിങ്, എ.എസ്.ഐമാരായ നിയാസ്, പ്രതാപൻ, സി.പി.ഒ ജിജോ എന്നിവരും ഐ.എസ്.എച്ച്.ഒമാരും നേതൃത്വം നൽകി. റൂറലിൽ നാലുപേരെ അറസ്റ്റ് ചെയ്തു. 17 മൊബൈൽ ഫോൺ പിടിച്ചെടുത്തു. പുനലൂർ ശാസ്താംകോണം മണി മന്ദിരത്തിൽ മഹേഷ്, അഞ്ചൽ വടമൺ സ്വദേശി അഷൂജ് പ്രസാദ് (24), അസം സ്വദേശി സാദിക്കുൽ ഇസ്ലാം (20), എഴുകോൺ അനന്തു ഭവനിൽ രമേഷ് ചന്ദ്രൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിച്ചു. 15 പൊലീസ് ഇൻസ്പെക്ടർമാരുടെയും 87 ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 15 ടീമുകളായി 17 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി, അഡീഷനൽ ജില്ല പൊലീസ് മേധാവി ഇ.എസ്. ബിജുമോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story