Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:29 AM IST Updated On
date_range 24 April 2022 5:29 AM ISTയുവജനോത്സവം 2
text_fieldsbookmark_border
ATTN കലക്കനായി കൊല്ലം കൊല്ലം: ആട്ടവും പാട്ടും വരയും എഴുത്തും കളിയും ചിരിയും ചിന്തയും... മൊത്തം ന്യൂജെൻ വൈബുമായി യുവത്വത്തിന്‍റെ ആഘോഷകാലത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് കലയുടെ, കലാകാരന്മാരുടെ സ്വന്തം മണ്ണ്. മത്സരകോലാഹലങ്ങൾക്കപ്പുറം കലയും സംസ്കാരവും സൗഹൃദങ്ങളും ഇഴനെയ്യുന്ന ഉത്സവനിമിഷങ്ങളുടെ പകലിരവുകളിലേക്ക് കേരള സർവകലാശാല യൂനിയൻ യുവജനോത്സവം നാടിനെയുണർത്തി. കോരിച്ചൊരിയാൻ ഒരുങ്ങിവന്ന വേനൽമഴപോലും തുള്ളിപെയ്യാതെ മാറിനിന്ന സന്ധ്യയിൽ യുവപ്രതിഭകളൊരുക്കുന്ന കാഴ്ചവസന്തത്തിന് തിരിതെളിഞ്ഞു. കലാലയ ജീവിതത്തിലെ അമൂല്യമായ രണ്ട് വർഷത്തെ നഷ്ടമായിപ്പോയ 'അടിച്ചുപൊളിക്കൽ' തിരിച്ചുപിടിക്കാൻ വെമ്പിനിന്ന യുവത്വം, ഇതിലും നല്ലൊരു ഉത്സവകാലമില്ലെന്ന അടയാളപ്പെടുത്തലിന്‍റെ തിരക്കിലാണ്. വിദ്യാർഥികൾക്കായി വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ആഘോഷപ്പൂരം തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസവും ആവേശവും ആഘോഷവേദികളിലെങ്ങും നിറഞ്ഞുനിൽക്കുന്നു. മത്സരങ്ങളില്ലാതിരുന്ന ആദ്യ പകലിൽ പ്രധാന വേദിയായ എസ്.എൻ കോളജിലും മറ്റ് വേദികളിലും യുവത്വം തിക്കിത്തിരക്കി എത്തിയതും ആ കൂട്ടായ്മയുടെ സുന്ദരനിമിഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണ്. ഇനി വരുന്ന ഓരോ മണിക്കൂറും കലയും കൂട്ടും ഇടകലർന്നൊഴുകുന്ന വർണക്കാഴ്ചകളുടേത്.... ഇവിടെയെല്ലാം ട്രെൻഡാണേ... കൊല്ലം: സോഷ്യൽ മീഡിയയും ട്രെൻഡുകളും കാലംകുറേയായി നമുക്ക് ചിരപരിചിതമാണെങ്കിലും ഇത്തവണത്തെ യുവജനോത്സവത്തിലെ ട്രെൻഡുകൾക്ക് ലൈക്ക് കുറച്ച് കൂടും. എന്തും ഏതും ഇൻസ്റ്റഗ്രാം റീൽസും യുട്യൂബ് ഷോർട്സും വാട്സ്ആപ് സ്റ്റാറ്റസും ഒക്കെയായി ചൂടപ്പംപോലെ പറപറക്കുന്ന കാഴ്ചയാണ് യുവജനോത്സവ നഗരിയിൽ. ടിക്ടോക്കിന്റെ കുറവ് അറിയിക്കാതെ 'റീൽസ്' യുവമനസ്സുകളെ കീഴടക്കുന്ന കാലത്ത് എത്തിയ യുവജനോത്സവം യുവത ട്രെൻഡാക്കാതെ വിടുന്നതെങ്ങനെ. അതുകൊണ്ടുതന്നെ കലാനഗരിയിൽ എത്തുന്ന ഓരോരുത്തരും വ്യൂസും ലൈക്കും വാരിക്കൂട്ടാനുള്ള ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കുന്നതിന്‍റെ തിരക്കിലാണ്. യുവജനോത്സവ സംഘാടകരും ട്രെൻഡിങ്ങിൽ പിന്നിലല്ല. ഔദ്യോഗിക പേജിൽ ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റുകളുമായി കളംനിറഞ്ഞ് ആഘോഷം പെരുപ്പിക്കുകയാണ് അവർ. ആയിരക്കണക്കിന് പേരാണ് ഇതിനകം പേജിലെ വിഡിയോ കണ്ടതും പങ്കുെവച്ചതും. ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലുൾപ്പെടെ ഇവൻറുകളുടെ ലൈവും ചിത്രങ്ങളും വിവരങ്ങളും യഥാസമയം നൽകി സോഷ്യൽ മീഡിയയിലും ആഘോഷം കൊഴുപ്പിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന്‍റെയും ചുമതലയുള്ള മീഡിയ കമ്മിറ്റി. -------------------------------------- റിപ്പോർട്ട്: ബീന അനിത ചിത്രങ്ങൾ:അനസ് മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story