Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമണ്ണെണ്ണ വില 124...

മണ്ണെണ്ണ വില 124 രൂപയായി; മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ

text_fields
bookmark_border
കൊല്ലം: മത്സ്യഫെഡ് വിതരണം ചെയ്യുന്ന മണ്ണെണ്ണ വില സർവകാല റെക്കോഡിൽ. ചൊവ്വാഴ്ച വില ഏറ്റവും ഉയർന്ന നിരക്കായ 124 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച മത്സ്യഫെഡിന്‍റെ മണ്ണെണ്ണ ബങ്കുകളിൽ 123 രൂപക്ക് മുകളിലെത്തിയിരുന്നു. നാലുമാസത്തോളമായി സബ്സിഡി ലഭിക്കാത്തതും വില വർധനവുമാണ് മത്സ്യബന്ധനമേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നത്. ഈ മാസം തുടക്കത്തിൽ 100 രൂപ കടന്ന മണ്ണെണ്ണ വില ദിവസങ്ങൾ കഴിയും തോറും വർധിച്ചു. 2014 ൽ മണ്ണെണ്ണക്ക് 50 രൂപയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 രൂപ സബ്സിഡിയാണ് ഇപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളുടെ കാരിയറുകളുമാണ്. എൻജിൻ പവറിന്‍റെ അടിസ്ഥാനത്തിൽ പരമ്പരാഗത വള്ളങ്ങൾക്ക് 140, 190 ലിറ്റർ മണ്ണെണ്ണ വീതമാണ് പ്രതിമാസം മത്സ്യഫെഡ് വഴി നൽകേണ്ടത്. ഇതിന് സബ്സിഡി ഉണ്ടെങ്കിലും ആദ്യം മുഴുവൻ പണവും നൽകി വാങ്ങണം. പിന്നീടാണ് അക്കൗണ്ടിൽ സബ്സിഡി തുക എത്തുകയുള്ളൂ. വള്ളങ്ങളുടെ പെർമിറ്റ് പുതുക്കി നൽകുന്നത് പൂർത്തിയാകാത്തതിനാൽ സിവിൽ സപ്ലൈസ് വഴിയുള്ള നീല മണ്ണെണ്ണയുടെ വിതരണവും മൂന്നുമാസമായി മുടങ്ങിയിരിക്കുകയാണ്. ഒരുവള്ളം കടലിൽപോകാൻ മാസം ശരാശരി 1500 ലിറ്റർവരെ മണ്ണെണ്ണ വേണ്ടിവരുന്നിടത്ത് 190 ലിറ്റർ മാത്രമാണ് സബ്സിഡി ഇനത്തിൽ ലഭിക്കുന്നത്. ബാക്കി വേണ്ടിവരുന്ന മണ്ണെണ്ണ കരിഞ്ചന്തയിൽനിന്ന് ഇരട്ടിയിലധികം വില നൽകിയാണ് വാങ്ങുന്നത്. മത്സ്യഫെഡിന്‍റെ ബങ്കുകളിൽനിന്ന് മുഴുവൻ പണവും നൽകി മണ്ണെണ്ണ വാങ്ങാൻ കഴിയാത്ത നിരവധി മത്സ്യത്തൊഴിലാളികളുണ്ട്. ഇവർക്ക് ലഭിക്കേണ്ട മണ്ണെണ്ണ കരിഞ്ചന്തക്കാർ കൊണ്ടുപോകുകയാണെന്ന ആക്ഷേപവുമുണ്ട്. മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്നു കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള മത്സ്യഫെഡ് തൊഴിലാളികളെ കൊള്ളയടിക്കാൻ വേണ്ടി ഉപയോഗിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബിജു ലൂക്കോസ് പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ആറു വർഷമാകുമ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ഒരു സഹായവും ലഭിച്ചില്ല. കരിഞ്ചന്തയെക്കാളും കൂടിയ വിലയാണ് മത്സ്യഫെഡ് ഈടാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനാവശ്യമായ മണ്ണെണ്ണ വില കുറയ്ക്കാനും സബ്സിഡി കൂട്ടി നൽകാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ എതിരാക്കാൻ കേന്ദ്ര സർക്കാർ ശ്രമം കൊല്ലം: മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുകയും വില വർധിപ്പിച്ചതിലൂടെയും കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളെ സംസ്ഥാന സർക്കാറിനെതിരാക്കുകയാണെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് ബേസിൽ ലാൽ പറഞ്ഞു. സർക്കാർ നൽകുന്ന മണ്ണെണ്ണ രണ്ട് ദിവസത്തിലധികം ഉപയോഗിക്കാൻ കഴിയുന്നില്ല. കരിഞ്ചന്തയിൽനിന്ന് ഇരട്ടി വിലക്ക് വാങ്ങാൻ നിർബന്ധിതരാകുകയാണ്. 5000 രൂപക്ക് മത്സ്യം വിറ്റാൽപോലും എല്ലാ ചെലവും കഴിഞ്ഞിട്ട് 250 രൂപപോലും തൊഴിലാളികൾക്ക് കിട്ടാത്ത അവസ്ഥയാണ്. കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കണമെന്നും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story