Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:29 AM IST Updated On
date_range 12 May 2022 5:29 AM ISTവെള്ളപ്പൊക്ക ലഘൂകരണത്തിന് ഏകീകൃത കര്‍മ പദ്ധതി തയാറാക്കും -കലക്ടര്‍
text_fieldsbookmark_border
കൊല്ലം: നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നദികളിലെ എക്കലും മാലിന്യങ്ങളും നീക്കംചെയ്ത് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും ഏകീകൃത കര്‍മപദ്ധതി തയാറാക്കുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. വെള്ളപ്പൊക്ക ലഘൂകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി മാതൃക തയാറാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറും. താഴ്ന്നുകിടക്കുന്ന നദീതീരങ്ങള്‍ സംരക്ഷിക്കുകയും ബണ്ടുയര്‍ത്തി ബലപ്പെടുത്തുകയും ചെയ്യും. പുഴകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, എക്കല്‍, ചളി മറ്റ് മാലിന്യം എന്നിവ നീക്കംചെയ്ത് നദിയുടെ സ്വാഭാവിക നീരൊഴുക്ക് ഉറപ്പാക്കും. ആറ്റ്‌വഞ്ചി, രാമച്ചം, മുള തുടങ്ങിയവ നട്ടുപിടിപ്പിച്ച് നദീതീരത്തെ മണ്ണിടിച്ചില്‍ ഒഴിവാക്കുകയും പ്രകൃതി സൗഹാര്‍ദ രീതിയില്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഓടകളില്‍ തടസ്സം ഉണ്ടാകുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. പൊലീസ്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപവത്കരിച്ച് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പിഴ ചുമത്തണമെന്നും കലക്ടര്‍ നിർദേശം നല്‍കി. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന് മുമ്പും ശേഷവുമുള്ള സ്ഥിതി വ്യക്തമാക്കുന്ന ഫോട്ടോ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൃത്യമായ ഇടവേളകളില്‍ ഇതുസംബന്ധിച്ച യോഗം ചേരും. ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക്, കോര്‍പറേഷന്‍ അഡീഷനല്‍ സെക്രട്ടറി എസ്.എസ്. സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ടോംസ്, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ശ്രീകല, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഡി. രാജന്‍, എം.ജി.എന്‍.ആര്‍.ഇ.ജി. എസ് നോഡല്‍ ഓഫിസര്‍ എച്ച്. സഫീർ എന്നിവര്‍ പങ്കെടുത്തു. പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ കൊല്ലം: പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചുകൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കും. ജില്ലയില്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 21751 പേര്‍ വിവിധ ജന്തുക്കളുടെ കടിയോ മാന്തലോ ഏറ്റ് ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്സിന്‍ ചികിത്സ തേടിയിട്ടുണ്ട്. മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നായയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകണം. എത്രയും വേഗം ചികിത്സ തേടണം. മുറിവിൻെറ തീവ്രതയനുസരിച്ച് ഐ.ഡി.ആര്‍.വി, ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സകളാണ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്യൂണോഗ്ലോബുലിന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജില്ല, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഉപദ്രവിച്ചാല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അകലം പാലിക്കുക. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ജില്ലയില്‍ നടപ്പാക്കി വരുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story