Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:31 AM IST Updated On
date_range 7 May 2022 5:31 AM ISTകരുനാഗപ്പള്ളിയിലും പരിസരത്തും ഹോട്ടലുകളിൽ പരിശോധന; മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsbookmark_border
പഴകിയ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഹോട്ടലുകളും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു തട്ടുകടയുമാണ് പൂട്ടിയത്. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ കർശന പരിശോധന നടക്കുന്നത്. കരുനാഗപ്പള്ളി, വള്ളിക്കാവ്, ആലുംപീടിക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വള്ളിക്കാവിലും ആലുംപീടികയിലുമുള്ള രണ്ട് ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി അടച്ചുപൂട്ടിയത്. വള്ളിക്കാവിലെ എൻജിനീയറിങ് കോളേജിനു സമീപത്തെ തട്ടുകടയും ഹോട്ടലുമാണ് അടച്ചുപൂട്ടിയത്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായ ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മതിയായ ശീതീകരണമില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതും പഴകിയ പഴവർഗങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. ഷവർമ ഉണ്ടാക്കുന്ന കേന്ദ്രങ്ങൾ ഹോട്ടലുകളിൽ നിന്ന് പുറത്തേക്ക് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ഇവ ഹോട്ടലുകളിൽ പ്രത്യേക കാബിനുണ്ടാക്കി പ്രവർത്തിക്കണമെന്ന നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. അന്തർ സംസ്ഥാനതൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഇവരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ആറുമാസത്തിലൊരിക്കൽ സമർപ്പിക്കാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും കടകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ പരിശോധന ആറുമാസത്തിലൊരിക്കൽ നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി അസിസ്റ്റൻറ് ഫുഡ് സേഫ്റ്റി കമീഷണർ നിർദേശം നൽകി. കരുനാഗപ്പള്ളി ഭക്ഷ്യ സുരക്ഷാ ഓഫിസർ അനീഷയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
