Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:31 AM IST Updated On
date_range 11 April 2022 5:31 AM ISTകൊല്ലത്തിന്‍റെ നാലാമനായി കെ.എൻ. ബാലഗോപാൽ
text_fieldsbookmark_border
കൊല്ലം: ജില്ലയിൽനിന്ന് സി.പി.എമ്മിന്‍റെ ദേശീയ മുഖമാകുന്ന നാലാമനായി കെ.എൻ. ബാലഗോപാൽ കേന്ദ്ര കമ്മിറ്റിയിലേക്ക്. കൊല്ലംകാരായ ഇ. ബാലാനന്ദൻ, എം.എ. ബേബി, പി.കെ. ഗുരുദാസൻ എന്നിവരുടെ പിൻഗാമിയായാണ് കർമം കൊണ്ട് കൊല്ലത്തിന്‍റെ സ്വന്തമായ 'കെ.എൻ.ബി' കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയരുന്നത്. ഇവരിൽ ഇ. ബാലാനന്ദനും എം.എ. ബേബിയും പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി. വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ഇടതുരാഷ്ട്രീയത്തിൽ പൊരുതിയുയർന്നുവന്ന നേതാവിന് ഇത് പാർട്ടി നൽകിയ അർഹിക്കുന്ന അംഗീകാരം. പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർഥി നേതാവ് പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ പൊതുപ്രവർത്തകനായത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ സംസ്ഥാനത്തിന്‍റെ ഇരു അറ്റങ്ങളെയും കൂട്ടിച്ചേർത്ത കാൽനട ജാഥ കാപ്റ്റൻ പദവിയിലൂടെ ശ്രദ്ധേയനായി വരവറിയിച്ചാണ് അദേഹം രാഷ്ട്രീയത്തിൽ കളം നിറഞ്ഞത്. നിലവിൽ സംസ്ഥാന ധനമന്ത്രിയായും പാർട്ടിയുടെ ഉന്നതശ്രേണിയിലേക്കും ഉയർന്നത് നാല് പതിറ്റാണ്ടുകളായി പാർട്ടി നൽകിയ ഓരോ പദവിയിലും വ്യക്തിമുദ്ര പതിപ്പിച്ച മികവിനുള്ള അംഗീകാരമാണ്. 2015 മുതൽ 2018 വരെ കൊല്ലം സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന അദ്ദേഹം 2010 മുതൽ 2016 വരെ രാജ്യസഭാംഗവും വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006 മുതൽ 2010 വരെ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി. ഇന്ത്യൻ പാർലമെന്‍റിന്‍റെ കോമേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റിയിലും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റിയിലും അംഗമായിരുന്നു. ജി.എസ്.ടി നിയമം, ലോക്പാൽ നിയമം എന്നിവ ചർച്ച ചെയ്ത സെലക്ട് കമ്മിറ്റികളിൽ അംഗമായിരുന്നു. രാജ്യസഭയിൽ സി.പി.എം ഉപനേതാവായും പ്രവർത്തിച്ചു. 2016ൽ രാജ്യത്തെ മികച്ച എം.പിക്കുള്ള സൻസദ് രത്ന പുരസ്കാരം ലഭിച്ചു. കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. സി.പി.എം കൊല്ലം ജില്ല സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകൾ നടത്തി. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായിരുന്നു. പാർലമെന്‍റ് അംഗമായിരിക്കെ ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. ജി.എസ്.ടി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ അവതരിപ്പിച്ച വാദങ്ങൾ ദേശീയ മാധ്യമങ്ങൾ പോലും വാര്‍ത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story