Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാസഞ്ചേഴ്സ് സർവിസ്...

പാസഞ്ചേഴ്സ് സർവിസ് കമ്മിറ്റി ചെയർമാനും അംഗങ്ങളും കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

text_fields
bookmark_border
കൊല്ലം: റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ കണ്ടറിയാനും സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിലയിരുത്താനും പാസഞ്ചേഴ്സ് സർവിസ് കമ്മിറ്റി (പി.എസ്.സി) ചെയർമാൻ രമേശ് ചന്ദ്ര രത്നയും കമ്മിറ്റി അംഗങ്ങളും കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ മാനദണ്ഡം പാലിക്കാത്ത രണ്ടു സ്റ്റാളുകൾക്ക് ചെയർമാൻ 5000 രൂപ വീതം പിഴയിട്ടു. ഈ മാസത്തെ കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്തതിനാൽ റെയിൽവേ കാൻറീന് 10,000 രൂപ പിഴയിട്ടു. പ്ലാറ്റ്ഫോമിലടക്കം ശുചിത്വം പാലിച്ചതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് 5000 രൂപയും ആർ.പി.എഫിന് 2000 രൂപയും പാരിതോഷികവും ചെയർമാൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോമിലേക്ക് കടന്നയുടൻ യാത്രക്കാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇരിപ്പിടങ്ങൾ മോശമാണെന്നു ബോധ്യപ്പെട്ടതിനാൽ എല്ലാം മാറ്റണമെന്ന് ചെയർമാൻ നിർദേശം നൽകി. സ്ത്രീകളുടെ വിശ്രമ സ്ഥലത്തെ കുറവുകൾ നികത്തണമെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന എ.സി. വിശ്രമകേന്ദ്രം ഒരു മാസത്തിനകം തുറക്കണമെന്ന് നിർദേശം നൽകി. പ്ലാറ്റ്ഫോമിൽ ഉടനീളം കുടിവെള്ള പൈപ്പുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് സൗഹൃദപരമായി ഉപയോഗിക്കാൻ കഴിയില്ലെന്നു കണ്ടെത്തി. ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന വിധമുള്ള ടാപ്പുകൾ ഘടിപ്പിക്കണമെന്നും തകർന്ന നിലയിലുള്ള പൈപ്പ് ബീമുകൾ ഉടൻ നന്നാക്കാനും നിർദേശിച്ചു. പ്ലാറ്റ്ഫോമിൽ അപകടകരമായ നിലയിലുള്ള ഇരുമ്പുതകിട് ഉൾപ്പെടെ നീക്കം ചെയ്യണമെന്നും നിർദേശിച്ചു. എസ്കലേറ്റർ പ്രവർത്തിക്കുന്നില്ലെന്ന പരാതി പരിശോധിക്കാനും ചെയർമാനെത്തി. ചില സമയങ്ങളിൽ പ്രവർത്തിപ്പിക്കാറില്ലെന്നായിരുന്നു പരാതി. വൈദ്യുതി നിരക്ക് അടക്കുന്നത് റെയിൽവേ ആയതിനാൽ 24 മണിക്കൂറും എസ്കലേറ്റർ പ്രവർത്തിപ്പിക്കണമെന്ന് ചെയർമാൻ നിർദേശം നൽകി. ശുചിത്വത്തിനും സുരക്ഷക്കും മുൻഗണന നൽകിയുള്ള പ്രവർത്തനമാണ്​ ലക്ഷ്യമിടുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ നിവേദനങ്ങളായി കൈമാറി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ചെയർമാൻ ഉറപ്പുനൽകി. നിവേദനം നൽകി കൊല്ലം: തങ്ങൾ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ പി.എസ്​.സി ചെയർമാൻ രമേഷ് ചന്ദ്ര രത്നക്ക് യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകി. കോവിഡിനെ തുടർന്ന് നിർത്തലാക്കിയ കൊല്ലം - എറണാകുളം മെമു സർവിസുകളും എല്ലാ പാസഞ്ചർ ട്രെയിനുകളും പുനഃസ്​ഥാപിക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ്​ അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡോർമെറ്ററി സൗകര്യം വിപുലപ്പെടുത്തണം, റെയിൽവേ പരിസരങ്ങളിലുള്ള കിണറുകൾ യഥാസമയം ശുചീകരിക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങൾ പ്രസിഡന്‍റ്​ സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ഉന്നയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ പരവൂർ സജീബ്, ജില്ല പ്രസിഡന്‍റ്​ ടി.പി. ദീപുലാൽ എന്നിവർ നേതൃത്വം നൽകി. രാവിലെ കൊല്ലത്ത് എത്തുന്ന നാഗർകോവിൽ - കൊല്ലം എക്സ്പ്രസ് രാവിലെ 10ന് മുമ്പ് കൊല്ലത്തെത്താൻ നടപടി സ്വീകരിക്കണമെന്നും റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നിവേദനം മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവിന്‍റെ നേതൃത്വത്തിൽ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story