Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:30 AM IST Updated On
date_range 5 April 2022 5:30 AM ISTഇന്ധന വില വർധന: ശവമഞ്ചമേന്തി കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
കൊല്ലം: അനിയന്ത്രിതമായി തുടരുന്ന ഇന്ധന, പാചകവാതക വില വർധനക്കെതിരെ 'വിലക്കയറ്റമില്ലാത്ത ഇന്ത്യ' മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടറിന്‍റെ ശവമഞ്ചമേന്തിയും ഓട്ടോറിക്ഷ കെട്ടിവലിച്ചും പ്രകടനവുമായി കോൺഗ്രസ്. ഡി.സി.സിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച് പ്രവചനാതീതവും അനിയന്ത്രിതവുമായി ഇന്ധനവില കുതിക്കുമ്പോൾ ഒന്നും സംഭവിക്കാത്ത രീതിയിൽ മോദി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. വലിയ വിപ്ലവം ഉണ്ടാകേണ്ട സാഹചര്യത്തിലേക്കാണ് നാട് നീങ്ങുന്നത്. ഇന്ധന വില കൂടുന്നതിലൂടെ ലഭിക്കുന്ന അധിക നികുതി കുറക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത് പോലുമില്ല. ഈ വിഷയത്തിൽ ഇരുസർക്കാറുകൾക്കും ഒരേ ഭാഷയും ശൈലിയുമാണെന്നും ജനം സംഘടിതമായി തെരുവിലിറങ്ങാതെ മറ്റ് മാർഗമില്ലെന്നും അദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് അധ്യക്ഷതവഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, ശൂരനാട് രാജശേഖരൻ, എ. ഷാനവാസ് ഖാൻ, എസ്. വിപിനചന്ദ്രൻ, ബിന്ദു കൃഷ്ണ, എൻ. അഴകേശൻ, എഴുകോൺ നാരായണൻ, പി. ജർമിയാസ്, സൂരജ് രവി, കെ. ബേബിസൺ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, നടുക്കുന്നിൽ വിജയൻ, നജീം മണ്ണേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story