Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:28 AM IST Updated On
date_range 26 March 2022 5:28 AM ISTകൊല്ലം ബീച്ച്: ആഴം കുറക്കും, സുരക്ഷ ഉറപ്പാക്കും
text_fieldsbookmark_border
ചിത്രം- കൊല്ലം: കൊല്ലം ബീച്ചിന്‍റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതി. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ (കെ.എസ്.സി.എ.ഡി.സി), ചെന്നൈ ഐ.ഐ.ടിയുമായി ചേര്‍ന്നാണ് വിശദ പദ്ധതിരേഖ തയാറാക്കുന്നത്. ബീച്ചിന്‍റെ ആഴം കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റ് ബീച്ചുകളെക്കാള്‍ ആഴം കൂടുതലായതിനാൽ അപകടസാധ്യത കൂടുതലാണ്. ബീച്ചില്‍ വരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പഠനം നടത്തുന്നതിന് കോര്‍പറേഷന്‍ മുന്‍കൈയെടുത്താണ് 15 ലക്ഷം രൂപ തീരദേശ വികസന കോര്‍പറേഷന് നല്‍കിയത്. പഠന റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് വിശദമായ പദ്ധതിരേഖ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. ആഴം കുറയ്ക്കുന്നതിനൊപ്പം തിരയടിയുടെ ശക്തി കുറച്ചുകൊണ്ടുവരുന്നതും ലക്ഷ്യമിടുന്നു. കൊല്ലം തീരത്തിന് സമീപം നാല് മീറ്ററാണ് ആഴം. ഹാര്‍ബര്‍ ഘടന, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ വിവിധ മനുഷ്യനിര്‍മിത തടസ്സങ്ങള്‍ കാരണം അപകടകരമായ തിരമാലയാണുള്ളത്. ഏഴു വര്‍ഷത്തിനിടെ ഇവിടെ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സമീപകാലത്ത് 16ലധികം വിനോദസഞ്ചാരികള്‍ തിരമാലകളില്‍ അകപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യത മറികടന്നാല്‍ വിനോദസഞ്ചാരത്തിനുള്‍പ്പെടെ വലിയ വികസനസാധ്യതയുള്ള ബീച്ചാണ് കൊല്ലത്തേതെന്നും പഠന റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കുമെന്നും ചെന്നൈ ഐ.ഐ.ടി ഓഷനോഗ്രഫി വിഭാഗം എമറിറ്റസ് പ്രഫ. വി.സുന്ദര്‍ പറഞ്ഞു. കരയില്‍നിന്ന് നിശ്ചിത അകലത്തില്‍ വെള്ളത്തിനടിയില്‍ ജിയോ ട്യൂബ് സ്ഥാപിച്ച് സുസ്ഥിര വികസന പദ്ധതി തയാറാക്കുകയാണ് ഡി.പി.ആറിന്‍റെ പ്രധാന ലക്ഷ്യമെന്ന് കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. എം. മുകേഷ് എം.എല്‍.എ, ചെന്നൈ ഐ.ഐ.ടി ഓഷനോഗ്രഫി വിഭാഗം മേധാവി പ്രഫ. സന്യാസ്രാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, കെ.എസ്.സി.എ.ഡി.സി എക്സി. എന്‍ജിനീയര്‍ ഷിലു ഐ.ജി, ഡി.ടി.പി.സി സെക്രട്ടറി രമ്യ ആര്‍. കുമാര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story