Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:30 AM IST Updated On
date_range 18 March 2022 5:30 AM ISTപൊലീസ് സർജന്‍റെ സംശയം; അന്തർ സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
text_fieldsbookmark_border
*രണ്ടുപേർ പിടിയിൽ പുനലൂർ: അപകടമെന്ന് കരുതിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ മരണത്തെക്കുറിച്ച് പൊലീസ് സർജന് തോന്നിയ സംശയം ശരിയായതോടെ പുറത്തുവന്നത് കൊലപാതകവിവരം. തെന്മലയിൽ റെയിൽവേ ട്രാക്കിൽ അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സഹതൊഴിലാളികളായ രണ്ടുപേരെ തെന്മല പൊലീസ് അറസ്റ്റുചെയ്തു. റെയിൽവേയുടെ കരാർ തൊഴിലാളിയായ മധ്യപ്രദേശ് ഗോജ്പുർ സ്വദേശി സെർവൻ പർട്ടെയാണ് (26) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ബൈത്തൂർ ചൂടിയ സ്വദേശി അഖിലേഷ് സലാം (25), ഓംപ്രകാശ് കൗഡേ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലിന് പുലർച്ചയാണ് പർട്ടെയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന തെന്മല മൂന്ന് കണ്ണറ പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ട്രെയിനിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ, പാരിപ്പള്ളി മെഡിക്കൽ കോളജിൽ പർട്ടെയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജന്‍റെ സംശയമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. പർട്ടെയുടെ തലയുടെ പിൻഭാഗം തകർത്ത മുറിവ് ട്രെയിനിടിച്ചതല്ലെന്നും കട്ടിയുള്ള സാധനം ഉപയോഗിച്ചാലുണ്ടാകുന്ന മുറിവാണെന്നും സർജൻ സംശയം പ്രകടിപ്പിച്ചു. ഇതിനെതുടർന്ന് സയൻറിഫിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. കൂടാതെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ എൻജിന്‍റെ ഉയരവും പർട്ടെയുടെ മുറിവും അന്വേഷണസംഘം താരതമ്യം ചെയ്തു. ട്രെയിൻ തട്ടിയതല്ലെന്ന് സംശയം ബലപ്പെട്ടതോടെ കൂടുണ്ടായിരുന്ന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്. ദിവസവും രാത്രി പർട്ടെയും പ്രതികളും ഉൾപ്പെട്ട സംഘം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ലാൻറിങ്ങിലിരുന്ന് മദ്യപിക്കാറുണ്ട്. മൂന്നാം തീയതി രാത്രി എട്ടോടെ പർട്ടെ മക്കളില്ലെന്ന് പറഞ്ഞ് കൗഡേയെ പരിഹസിച്ചു. ഇതിനൊച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. സമീപത്തുണ്ടായിരുന്ന കമ്പികൊണ്ട് കൗഡേ പർട്ടെയെ അടിച്ചു. മരിച്ചെന്ന് ബോധ്യമായതോടെ ഇരുവരും ചേർന്ന് ട്രാക്കിൽ മൃതദേഹം എടുത്തിട്ടിട്ട് താമസസ്ഥലത്തേക്ക് പോയെന്നും പൊലീസ് പറഞ്ഞു. ഇവിടെ താമസിക്കുന്ന മറ്റ് തൊഴിലാളികളും കരാറുകാരനും സംഭവം അറിഞ്ഞിട്ടും മറച്ചുവെച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അടിക്കാൻ ഉപയോഗിച്ച കമ്പിയും കണ്ടെടുത്തു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, തെന്മല എസ്.എച്ച്.ഒ എം.ജി. വിനോദ്, എസ്.ഐമാരായ സുബിൻ തങ്കച്ചൻ, ബാബുകുറുപ്പ്, ശിവശങ്കരൻപിള്ള, അനിൽകുമാർ, ഹരികുമാർ, എ.എസ്.ഐമാരായ രാധാകൃഷ്ണപിള്ള, പ്രതാപൻ, വിനോദ്, സി.പി.ഒമാരായ ബിജോ, ചിന്ദു, അനൂപ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story