Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:30 AM IST Updated On
date_range 10 March 2022 5:30 AM ISTഓടയിലൂടെ മലിനജലം ഒഴുക്കിവിടുന്നു
text_fieldsbookmark_border
ചാത്തന്നൂർ: ഒരിടവേളക്കുശേഷം വീണ്ടും ചാത്തന്നൂർ ജങ്ഷന് വടക്ക് ഭാഗത്തെ ഓടകളിലൂടെ മലിനജലം ഒഴുക്കിവിടുന്നത് പതിവായി മാറി. ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് രോഗഭീഷണി ഉയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് പരാതി. ടൗണിലെ വടക്ക് ഭാഗത്തെ ഹോട്ടലുകളിൽനിന്ന് മറ്റും ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യമടക്കമുള്ള മലിനജലമാണ് ഓടകളിൽ കറുത്ത നിറത്തിൽ കെട്ടിക്കിടക്കുന്നത്. രൂക്ഷമായ ദുർഗന്ധം മൂലം ഇവിടെ മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഓട്ടോ സ്റ്റാൻഡും നൂറ് കണക്കിന് വിദ്യാർഥികൾ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. ഓടക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. കുട്ടികളടക്കമുള്ളവർക്ക് ചൊറിച്ചിൽ, അലർജി എന്നീ രോഗങ്ങളും പിടിപെട്ടതായി നാട്ടുകാർ പരാതി പറയുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ആയിട്ടില്ല. സമീപമുള്ള ഹോട്ടലുകളിൽ പരിശോധന നടത്തി ഓടയിലേക്ക് തുറന്നുവെച്ചിരിക്കുന്ന പൈപ്പുകൾ അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര ചലച്ചിത്രമേള കൊല്ലം: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയും സംഗീതോത്സവവും ഈ മാസം 12 മുതൽ 20 വരെ പാരിപ്പള്ളിയിൽ സംഘടിപ്പിക്കും. ഗ്രന്ഥശാലയുടെ കലാ കായിക വിഭാഗമായ പാസ്ക്ന്‍റെ ആഭിമുഖ്യത്തിൽ 1980ന് ശേഷമുള്ള ചലച്ചിത്രഗാനങ്ങളുടെ ആലാപന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരം 12ന് രാവിലെ 9.30 ന് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർമാൻ കെ.പി. സജിനാഥ് മുഖ്യാതിഥിയാകും. ഫൈനൽ മത്സരം 20 ന് നടക്കും. അന്താരാഷ്ട്ര ചലച്ചിത്രമേള ഗണേശ് ഗ്രന്ഥശാലാ സിനിമാ ഹാളിൽ 13ന് വൈകുന്നേരം അഞ്ചിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മുഖ്യാതിഥിയാകും. 19 വരെ വൈകീട്ട് 5.30നും എട്ടിനും വിദേശ സിനിമകളടക്കം 12 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ദിവസവും ഓപൺ ഫോറവും ഉണ്ടാകും. 'ഗണേശ് ഗ്രന്ഥശാലാ പുരസ്കാര'ത്തിനായുള്ള ഷോർട്ട് ഫിലിം മത്സരം മാർച്ച് 17ന് കെ.ജി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. 20ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പുരസ്കാരങ്ങൾ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ സമ്മാനിക്കും. സംഘാടകസമിതി ചെയർമാൻ എസ്.ആർ. അനിൽകുമാർ, സെക്രട്ടറി എൻ.വി. ജയപ്രസാദ്, ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. സതീശൻ, ഡി. അഷറഫുദീൻ, രാജുകൃഷ്ണൻ, ബി. ശശിധരൻപിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
