Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTസംഘർഷഭൂമിയായി ഡി.ബി കോളജ്
text_fieldsbookmark_border
ചിത്രം ശാസ്താംകോട്ട: തടിക്കഷ്ണങ്ങളുമായി തല്ല്, പരിക്കേറ്റ വിദ്യാർഥികളെ എടുത്തുകൊണ്ട് ഓടുന്ന കാഴ്ച. ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളജ് കോളജ് കാമ്പസും പരിസരവും വ്യാഴാഴ്ച അക്ഷരാർഥത്തിൽ സംഘർഷഭൂമിയായി. വിദ്യാർഥിനികളടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് വീടുകൾക്ക് നേരെയും വ്യാപകമായി അക്രമമുണ്ടായത്. രാത്രിയും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സ്ഥിതിയായതോടെ വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോളജിനകത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ തർക്കം നടക്കുന്നതിനിടയിൽ പുറത്തുനിന്നെത്തിയവർ കാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ മർദിക്കുകയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്യാ പ്രസാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ, ഒന്നാംവർഷ ബിരുദ വിദ്യാർഥിനി രേവതി, എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റ് അക്ബർ, സെക്രട്ടറി നിഥിൻ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോളജ് റോഡിലും താലൂക്ക് ഓഫിസ് പരിസരത്തുമെല്ലാം വിദ്യാർഥികൾ തമ്മിലടിച്ചു. പ്രാദേശിക യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് എസ്.എഫ്.ഐ-കെ.എസ്.യു അനുഭാവികളായ വിദ്യാർഥികളെ മർദിച്ചതെന്നാണ് വിവരം. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രിക്കകത്ത് കടന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്. ഡി.ബി കോളജിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ച ശേഷമാണ് സംഘർഷം ആരംഭിച്ചത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ച കെ.എസ്.യു പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി മടങ്ങവേ കെ.എസ്.യു നേതാക്കളായ അലൻ ജേക്കബ്, അനന്തു മല്ലശ്ശേരി, വിഷ്ണു കണ്ണൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. നാട് നിറഞ്ഞ് അക്രമം ശാസ്താംകോട്ട: ഡി.ബി. കോളജ് അക്രമത്തിന് പിന്നാലെ ശാസ്താംകോട്ട മേഖലയിൽ ഇരു രാഷ്ട്രീയവിഭാഗത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയുണ്ടായത് വ്യാപക അക്രമം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ അൻസർ ഷാഫിയുടെ ഐ.സി.എസ് ജംഗ്ഷനിലെ വീടിന് നേരെ അക്രമം നടന്നു. വീടിന്‍റെ ജനൽചില്ലും വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്‍റെ ഗ്ലാസും അക്രമികൾ തകർത്തു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, മകൻ ഷാഹിർ എന്നിവർക്ക് മർദനമേൽക്കുകയും ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവയുടെ ഗ്ലാസ് തകർക്കുകയും ചെയ്തു. ഇതുകൂടാതെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിമാരായ ഹാഷിം സുലൈമാൻ, സമീർ ഇസ്മയിൽ, വാറുതുണ്ടിൽ അബ്ദുല്ല, അജ്മൽ സിനിമാ പറമ്പ് എന്നിവരുടെ വീടുകൾക്കുനേരെയും അക്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story