Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTകൂട്ടുകൂടി, പാട്ടുപാടി കുഞ്ഞിളം കൂട്ടുകാർ
text_fieldsbookmark_border
ചിത്രം കൊല്ലം: കളിക്കൂട്ടുകാരുടെ കൈപിടിക്കേണ്ട കുരുന്നുപ്രായം വീടിന്‍റെ ചുമരുകൾക്കുള്ളിൽ ചുരുങ്ങിപ്പോയതിന്‍റെ പരിഭവങ്ങൾ മറന്ന് കുരുന്നുകൾ ഒത്തുചേർന്നു. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം കുഞ്ഞുമക്കളുടെ ചിരിയും വർത്തമാനവും പാട്ടുകളും കഥകളും നിറഞ്ഞ് അംഗൻവാടി കെട്ടിടങ്ങൾക്ക് 'ജീവൻവെച്ചു'. തിങ്കളാഴ്ച തുറന്ന ജില്ലയിലെ 2723 അംഗൻവാടികളിലേക്കും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ സാമൂഹിക ഇടപെടലിന്‍റെയും ആദ്യപാഠങ്ങൾ നുകരാൻ ഏറെ ഉത്സാഹത്തോടെയാണ് കുരുന്നുകൾ എത്തിയത്. രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉണ്ടായപ്പോൾ ഓരോ അംഗൻവാടിയിലും 50-60 ശതമാനത്തോളം കുട്ടികളാണ് ആദ്യദിനം എത്തിയത്. കുട്ടികൾ എത്തിയിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷവും അംഗൻവാടികളിൽ അധ്യാപികമാരും സഹായികളും എത്തിയിരുന്നു. പോഷകാഹാരങ്ങൾ കൃത്യമായി കുട്ടികൾക്ക് എത്തിക്കുന്നതും മറ്റ് പ്രവർത്തനങ്ങളുമാണ് ഇവർ ചെയ്തിരുന്നത്. മിക്ക അധ്യാപകരും ഓൺലൈൻ ആയി ക്ലാസെടുത്തു. തുറക്കുന്നതിന് മുന്നോടിയായി അംഗൻവാടിയും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ രക്ഷാകർത്താക്കൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകി. ആദ്യദിനം സമ്മാനങ്ങളും മധുരവും നൽകി ആഘോഷപൂർവം അംഗൻവാടി പ്രവർത്തകർ സ്വീകരിച്ചത് കുട്ടികൾക്ക് ആഹ്ലാദാനുഭവമായി. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങളും കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവുമെല്ലാം ഒരുക്കിയിരുന്നു. പ്രാദേശിക സ്ഥിതി അനുസരിച്ച് ക്ലാസ് സമയം ക്രമീകരിക്കാൻ ആണ് നിർദേശം നൽകിയിരുന്നത്. ഉച്ചവരെ നീണ്ട ക്ലാസിൽ പാട്ടും കഥകളും സൗഹൃദവും നിറഞ്ഞ പുത്തൻ അന്തരീക്ഷം ആസ്വദിച്ച കുരുന്നുകൾ വീണ്ടും കാണാം എന്ന ഉറപ്പും നൽകിയാണ് വീടുകളിലേക്ക് മടങ്ങിയത്. മികച്ച പ്രതികരണം മികച്ച പ്രതികരണമാണ് ജില്ലയിലുടനീളം അംഗൻവാടികളിൽ കാണാനായത്. കുട്ടികളും രക്ഷാകർത്താക്കളും ആവേശത്തോടെ ആദ്യ ദിനം എത്തി. കോവിഡ് മാനദണ്ഡം പാലിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണവും നേരേത്ത പൂർത്തിയാക്കിയിരുന്നു. നിർദേശങ്ങൾ പൂർണമായും പാലിച്ചുള്ള പ്രവർത്തനമാണ് ആദ്യദിവസം അംഗൻവാടികളിൽ കാണാനായത്. -ടിജു റെയ്ച്ചൽ, ജില്ല പ്രോഗ്രാം ഓഫിസർ ഐ.സി.ഡി.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story