Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTമണ്ഡലപരിചയം- ചാത്തന്നൂർ
text_fieldsbookmark_border
ഇടതിൻെറ കുത്തക മണ്ഡലം ഇടതിന് പ്രത്യേകിച്ച് സി.പി.ഐക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ചാത്തന്നൂർ. 1965 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ ഒമ്പതുതവണയും കോൺഗ്രസ് മൂന്നുതവണയും ഇവിടെനിന്ന് വിജയിച്ചു. അപ്രതീക്ഷിത അട്ടിമറിക്കും തുടർന്ന് പിടിച്ചടക്കലിനും മണ്ഡലം സാക്ഷിയായിട്ടുണ്ട്. ചാത്തന്നൂരിൽനിന്ന് മന്ത്രിപദവിയിലെത്തിയവരും ഉണ്ടായി. 1965ലാണ് ചാത്തന്നൂര്‍ നിയോജകമണ്ഡലം രൂപവത്കൃതമാകുന്നത്. രൂപവത്കൃതമാകുന്നതിന് മുമ്പും ശേഷം 1996വരെയും സി.പി.ഐ നേതാവായിരുന്ന പി. രവീന്ദ്രൻെറ വ്യക്തപ്രഭാവം എല്ലാ തെരഞ്ഞെടുപ്പിലും നിർണായക ഘടകമായി. മുമ്പ് പരവൂർ, ഇരവിപുരം മണ്ഡലങ്ങളുടെ ഭാഗമായിരുന്നു ചാത്തന്നൂർ. ഈ കാലത്തുതന്നെ പി. രവീന്ദ്രൻെറ വ്യക്തിപ്രഭാവം മണ്ഡലത്തെ ഇടതുചേരിയോടടുപ്പിച്ചു. 1951ലെ തിരു-കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ പരവൂരില്‍ സ്വതന്ത്രസ്ഥാനാർഥിയായാണ് പി. രവീന്ദ്രന്‍ മത്സരരംഗത്തെത്തിയത്. കന്നിയങ്കം തന്നെ വിജയിച്ചു. 1954 ലെ തെരഞ്ഞെടുപ്പിലും ജയം ആവര്‍ത്തിച്ചു. ആ തെരഞ്ഞെടുപ്പില്‍ പി. രവീന്ദ്രന്‍ പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. 1960 ലെ രണ്ടാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇരവിപുരത്ത് പി. രവീന്ദ്രന്‍തന്നെ വിജയിച്ചു. പക്ഷേ, മണ്ഡലം രൂപവത്കൃതമായ 1965 ലെ തെരഞ്ഞെടുപ്പില്‍ രവീന്ദ്രന് തോൽവി സമ്മതിക്കേണ്ടിവന്നു. സ്വതന്ത്രനായി മത്സരിച്ച തങ്കപ്പന്‍പിള്ള 768 വോട്ടിന് രവീന്ദ്രനെ പരാജയപ്പെടുത്തി. മൂന്നാം നിയമസഭയിലേക്കുള്ള 1967ലെ തെരഞ്ഞെടുപ്പില്‍ പി. രവീന്ദ്രന്‍ മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 1970 ലും രവീന്ദ്രൻ വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം 13948 വോട്ടായി വർധിപ്പിച്ചു. 1977ലും 80ലും സി.പി.ഐയിലെ ജെ. ചിത്തരഞ്ജനായിരുന്നു വിജയി. അക്കാലത്ത് ചിത്തരഞ്ജൻ മന്ത്രിയുമായി. 1982ലെ തെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിലെ ആദ്യ അട്ടിമറി. ജെ. ചിത്തരഞ്ജനെ കോണ്‍ഗ്രസിലെ സി.വി. പത്മരാജന്‍ തോൽപിച്ചത് 5802 വോട്ടിന്. പക്ഷേ, പിന്നീട് മണ്ഡലം നിലനിർത്താൻ കോൺഗ്രസിനായില്ല. 1987ല്‍ പി. രവീന്ദ്രനിലൂടെ മണ്ഡലം സി.പി.ഐ തിരിച്ചുപിടിച്ചു. 91ല്‍ വീണ്ടും കോൺഗ്രസിലെ സി.വി. പത്മരാജന്‍ വിജയിച്ചു. പത്മരാജൻ കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യം ഉൾപ്പെടെ കൈകാര്യം ചെയ്ത കരുത്തുറ്റ മന്ത്രിയായി. 96ൽ പി. രവീന്ദ്രന്‍ വീണ്ടും വിജയിച്ചു. 2001ല്‍ ജി. പ്രതാപവര്‍മ തമ്പാന്‍ കോൺഗ്രസിനുവേണ്ടി മണ്ഡലം പിടിച്ചു. 547 വോട്ടിന് സി.പി.ഐയുടെ എന്‍. അനിരുദ്ധനെയാണ് തോല്‍പിച്ചത്. 2006ല്‍ അനിരുദ്ധന്‍ 23180 വോട്ടിൻെറ ഭൂരിപക്ഷത്തോടെ പ്രതാപവര്‍മതമ്പാനെ തോല്‍പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നിങ്ങോട്ട് രണ്ട് തെരഞ്ഞെടുപ്പിലും സി.പി.ഐയിലെ ജി.എസ്. ജയലാൽ മണ്ഡലം നിലനിർത്തി. 2011ൽ ബിന്ദു കൃഷ്ണയെയും 2016ൽ ശൂരനാട് രാജശേഖരനെയുമാണ് ജയലാൽ വൻമാർജിനിൽ തോൽപിച്ചത്. പരവൂർ നഗരസഭയും ആദിച്ചനല്ലൂർ, ചാത്തന്നൂർ, കല്ലുവാതുക്കൽ, പൂതകുളം, പൂയപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലത്തിൻെറ ചിത്രം. ഇടതുകോട്ടയാണെങ്കിലും മണ്ഡലം പിടിക്കാൻ ഇരുമുന്നണികൾക്കും വിയർപ്പൊഴുക്കേണ്ടിവരും. കാരണം ബി.ജെ.പിയുടെ വളർച്ചതന്നെ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ ജില്ലയിലെ ഏക മണ്ഡലമാണ് ചാത്തന്നൂർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ച് അവർ കല്ലുവാതുക്കൽ പഞ്ചായത്തിൽ ഭരണവും പിടിച്ചു. 2020 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരവൂർ നഗരസഭയിൽ ഇരുമുന്നണികളും ബലാബലമാണ്. ഇരുമുന്നണികളും14 സീറ്റുകൾ വീതം നേടി. എൻ.ഡി.എ നാല് സീറ്റ് പിടിച്ചു. നറുക്കെടുപ്പിലൂടെ കോൺഗ്രസിനാണ് നഗരസഭ ഭരണം. പഞ്ചായത്തുകളിൽ പൂതക്കുളം, പൂയപ്പള്ളി, ചാത്തന്നൂർ എന്നിവ എൽ.ഡി.എഫ് ഭരണത്തിലാണ്. ആദിച്ചനല്ലൂരിൽ യു.ഡി.എഫിനും കല്ലുവാതുക്കലിൽ എൻ.ഡി.എക്കുമാണ് ഭരണം. മണ്ഡലത്തിലെ വിജയികൾ (വർഷം, സ്ഥാനാർഥി, പാർട്ടി, വോട്ട്) 1965 -തങ്കപ്പൻപിള്ള-സ്വത-17628 1967 -പി. രവീന്ദ്രൻ-സി.പി.ഐ-27181 1970 -പി. രവീന്ദ്രൻ-സി.പി.ഐ-28730 1977- ജെ. ചിത്തരഞ്ജൻ-സി.പി.ഐ-38787 1980 -ജെ. ചിത്തരഞ്ജൻ-സി.പി.ഐ-34037 1982 -സി.വി. പത്മരാജൻ-കോൺ.-37811 1987 -പി. രവീന്ദ്രൻ-സി.പി.ഐ-46501 1991 -സി.വി. പത്മരാജൻ-കോൺ.-53755 1996 -പി. രവീന്ദ്രൻ-സി.പി.ഐ-49083 2001- ജി. പ്രതാപവർമ തമ്പാൻ-കോൺ.-53304 2006 -എൻ. അനിരുദ്ധൻ-സി.പി.ഐ-59379 2011 -ജി.എസ്. ജയലാൽ-സി.പി.ഐ-60187 -------------- 2016ലെ തെരഞ്ഞെടുപ്പ് ഫലം ജി.എസ്. ജയലാൽ-സി.പി.ഐ-67606 ബി.ബി. ഗോപകുമാർ-ബി.ജെ.പി-33199 ശൂരനാട് രാജശേഖരൻ-കോൺ.-30139 ഭൂരിപക്ഷം-34407 ------------------------ 2019 ലോക്സഭ തെരഞ്ഞെടുപ്പ് യു.ഡി.എഫ് -63146 എൽ.ഡി.എഫ് -46114 എൻ.ഡി.എ -19621 ലീഡ് -17032 --------------- 2020 തദ്ദേശം എൽ.ഡി.എഫ് -43850 യു.ഡി.എഫ് -32433 എൻ.ഡി.എ -26314 ലീഡ് -11417 -------------- വോട്ടർമാർ ആകെ -181123 പുരു. -84076 സ്ത്രീ - 97046 ട്രാൻസ്.- ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story