Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.ഐ ജില്ല...

സി.പി.ഐ ജില്ല സെക്രട്ടറി: മത്സരം ഒഴിവാക്കാൻ തീവ്രശ്രമം

text_fields
bookmark_border
കൊല്ലം: സി.പി.ഐ ജില്ല കൗൺസിലിനെയും സെക്രട്ടറിയെയും മത്സരമില്ലാതെ തെരഞ്ഞെടുക്കാൻ തീവ്രശ്രമം. ശനിയാഴ്ച രാവിലെ സംസ്ഥാന സെന്‍ററും ജില്ല എക്സിക്യൂട്ടിവും യോഗം ചേർന്ന് ഔദ്യോഗിക പാനൽ തയാറാക്കും. കഴിഞ്ഞതവണ സംസ്ഥാന സെന്‍റർ ജില്ല സെക്രട്ടറിയായി നിർദേശിച്ച ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാനാണ് കാനം പക്ഷത്തിന്‍റെ നീക്കം. പ്രായപരിധി എന്ന വാദത്തിലൂടെ എതിർപക്ഷം എതിർപ്പുയർത്തി മത്സരത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. പ്രായം ഘടകമായി വന്നാൽ പി.എസ്. സുപാൽ എം.എൽ.എയെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കാനാണ് നീക്കം. പ്രകാശ് ബാബു-ഇസ്മായിൽ പക്ഷം നിലവിലെ ജില്ല അസി.സെക്രട്ടറി ജി. ലാലുവിനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കുക. പുതിയ ജില്ല കൗൺസിലിലെ അംഗബലം ആശ്രയിച്ചേ മത്സരത്തിന് സാധ്യതയുള്ളൂ. 59 അംഗ ജില്ല കൗൺസിലും ആറ് കാൻഡിഡേറ്റ് അംഗങ്ങളുവാവും ഉണ്ടാവുക. പുതിയ മാനദണ്ഡപ്രകാരം കൗൺസിലിലെ 40 ശതമാനം പേർ 50 വയസ്സിന് താഴെ പ്രായമുള്ളവരും 15 ശതമാനം വനിതകളുമാകണം. സി.പി.ഐ ജില്ല സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ടിനുള്ള മറുപടിയിൽ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു കെ-റെയിലിനെ അനുകൂലിച്ച് രംഗത്തവന്നു. ഇടതുമുന്നണി ആലോചിച്ചെടുത്ത തീരുമാനമായതിനാൽ അതുമായി മുന്നോട്ടുപോകാം. പ്രകടനപത്രികയിൽ പറഞ്ഞപോലെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന ചർച്ചകളിൽ ഇരുപക്ഷവും ശക്തമായ വാദപ്രതിവാദങ്ങൾ നടത്തി. പാർട്ടി അച്ചടക്കത്തിന് പ്രാമുഖ്യം നൽകിയാണ് കാനം പക്ഷം സംസാരിച്ചത്. ചിലർ നേതാക്കളുടെ പ്രായം പരിശോധിക്കാൻ നടക്കുകയാണെന്ന വിമർശനം ഉയർന്നു. ജി.എസ്. ജയലാൽ എം.എൽ.എക്കെതിരെ വിമർശനമുണ്ടായി. ജയലാലിനെതിരായ അച്ചടക്ക നടപടി യു.ഡി.എഫിനും ബി.ജെ.പിക്കും ആയുധമാക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചതായി പ്രകാശ് ബാബു പക്ഷക്കാർ ആരോപിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജില്ല നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്. പാർട്ടിയെ തകർക്കുന്ന തരത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് നിൽക്കുന്നു, സ്ഥാനമാനങ്ങൾക്കായി പരസ്പരം ഏറ്റുമുട്ടി, താഴേത്തട്ടിന് മാതൃകയാക്കാൻ കഴിയാത്ത തരത്തിൽ അധികാരമോഹത്തിന് കീഴ്പ്പെട്ടവരാണ് ഭൂരിഭാഗം നേതാക്കൾ എന്നീ വിമർശനങ്ങളാണുയർന്നത്. ജില്ലയിലെ സംഘടന പ്രശ്നങ്ങളെയും തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കുള്ള അടിസ്ഥാനപരമായ കാരണങ്ങളും ഗൗരവത്തോടെ പരാമർശിക്കുന്നില്ല എന്നിങ്ങനെ വിമർശനങ്ങളുണ്ടായി. തീയറ്ററിൽ സിനിമ മാറുന്നത് പോലെയാണ് ജില്ലയിൽ സെക്രട്ടറിമാർ വരുന്നതെന്ന് കടയ്ക്കലിൽ നിന്നുള്ള പ്രതിനിധി പരിഹസിച്ചു. ജില്ല കമ്മിറ്റി ഓഫിസിൽ വരുമ്പോൾ ആരാണ് ഇന്ന് സെക്രട്ടറിയെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. നിലവിലെ ജില്ല നേതൃത്വം പൂർണമായും അഴിച്ചുപണിയണമെന്നും ആവശ്യമുയർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story