Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:07 AM IST Updated On
date_range 19 Aug 2022 12:07 AM ISTബി.ജെ.പി വളരുന്നു; മുസ്ലിംകൾക്കിടയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം
text_fieldsbookmark_border
കൊല്ലം: പിന്നിൽ നിന്നിരുന്ന ബി.ജെ.പി സമീപകാലത്തായി മുന്നിലേക്ക് വരുന്നതായും മുസ്ലിം സമുദായങ്ങൾക്കിടയിൽ മത-തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വാധീനം ചെലുത്തുന്നെന്നും സി.പി.ഐ സംഘടന റിപ്പോർട്ട്. ബി.ജെ.പിയിൽ ചേക്കേറിയ മതേതരത്വ-ജനാധിപത്യ വിശ്വാസികളായ സാധാരണക്കാരെ തിരിച്ചുകൊണ്ടുവരാൻ ശക്തമായ പ്രചാരണം സംഘടിപ്പിക്കണമെന്നും ജില്ല സമ്മേളനത്തിൽ സെക്രട്ടറി മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തദ്ദേശീയം, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്‍റെ വോട്ട് വിഹിതം കുറയുന്നത് ഗൗരവമായി പരിശോധിക്കണം. 2011ൽ 51.8 ശതമാനം വോട്ട് എൽ.ഡി.എഫിന് ലഭിച്ചെങ്കിൽ 2016ൽ 50.2 ശതമാനമായി കുറഞ്ഞു. 2021ൽ വീണ്ടും കുറഞ്ഞ് 46.2 ശതമാനത്തിലെത്തി. 2011ൽ 3.6 ശതമാനം വോട്ട് നേടിയ ബി.ജെ.പി 2016ൽ 13 ശതമാനവും 2021ൽ 12.5 ശതമാനവും നേടി. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയുമാണ് പ്രബല കക്ഷികൾ. എൽ.ജെ.ഡി, ജനതാദൾ, കോൺഗ്രസ് (എസ്), എൻ.സി.പി, കേരള കോൺ.(ബി) എന്നീ കക്ഷികളാണ് എൽ.ഡി.എഫുമായി സഹകരിക്കുന്നതെങ്കിലും ഇവക്കൊന്നും ഒരു ജനസ്വാധീനമില്ല. കൊട്ടാരക്കര, പത്തനാപുരം മേഖലകളിൽ മാത്രമാണ് കേരള കോൺ.(ബി)ക്ക് അൽപം സ്വാധീനമുള്ളത്. പുതുതായി വന്ന മാണി ഗ്രൂപ്പിനും ജില്ലയിൽ ഒരുസ്വാധീനവുമില്ല. യു.ഡി.എഫിലെ കോൺഗ്രസാണ് മുഖ്യകക്ഷി. സംഘടന പ്രവർത്തനം ഇല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ഏറ്റക്കുറച്ചിലോടെ മുസ്ലിം ലീഗിന് സ്വാധീനമുണ്ട്. സംഘടന സംവിധാനവും സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർ.എസ്.പി. എൽ.ഡി.എഫിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരുവിഭാഗം അതിലുണ്ട്. എം.പിയുടെ പിടിവാശിയിലാണ് അവർ ഒന്നായി നിൽക്കുന്നത്. എം.പി സ്ഥാനം നഷ്ടപ്പെട്ടാൽ ആർ.എസ്.പിയിൽ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും ജില്ലയിൽ ഒരു സ്വാധീനവുമില്ല. എസ്.എഫ്.ഐയുടെ മർദനം നേരിട്ടാണ് ജില്ലയിൽ എ.ഐ.എസ്.എഫ് പ്രവർത്തിക്കുന്നത്. എ.ബി.വി.പി, കെ.എസ്.യു സംഘടനകൾ നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്.എഫിനുണ്ടാകാൻ പാടില്ലെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായ കശുവണ്ടി രംഗത്ത് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് നിരവധി പേർ സി.പി.ഐയിലേക്ക് വരുന്നത്. അവരെയെല്ലാം ഉൾക്കൊള്ളുകയും ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നൽകി പാർട്ടിയിൽ ഉറപ്പിച്ചുനിർത്തുകയാണ് കടമ. ബ്രാഞ്ചുകളുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തനം സജീവമാക്കിക്കൊണ്ടുമാത്രമേ അത് നേടാൻ കഴിയൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story