Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:08 AM IST Updated On
date_range 3 Aug 2022 12:08 AM ISTപ്രകൃതിക്ഷോഭ പ്രതിരോധം: പുനലൂർ താലൂക്കിൽ മുന്നൊരുക്കം
text_fieldsbookmark_border
പുനലൂർ: കനത്ത മഴയടക്കം പുനലൂർ താലൂക്കിലെ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കം വിലയിരുത്താൻ പി.എസ്. സുപാൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. നിലവിലെ നാശനഷ്ടങ്ങളും മുന്നൊരുക്കങ്ങളും പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറും തഹസിൽദാർ കെ.എസ്. നസിയായും വിവരിച്ചു. ദുരന്തവേളയിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ഉടൻ താലൂക്ക് സന്ദർശിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആര്യങ്കാവ് പഞ്ചായത്തിൽ കഴിഞ്ഞ പ്രളയകാലത്തുണ്ടായ നാശങ്ങൾ പരിഹരിക്കുന്നതിനുള്ള ചെലവുകൾ റവന്യൂ മന്ത്രി അംഗീകരിച്ച് അഞ്ച് കോടിയുടെ നവീകരണത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ദുരന്തങ്ങൾ നേരിടാനുള്ള നടപടി ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മറ്റ് പ്രധാന തീരുമാനങ്ങൾ: അപകട സംബന്ധമായ വിവരങ്ങൾ ഉടനടി റവന്യൂ കൺട്രോൾ റൂമിൽ അറിയിക്കാൻ നിർദേശിച്ചു. കുംഭാവുരുട്ടി പോലുള്ള പ്രദേശങ്ങളിൽ മൊബൈൽ കവറേജ് ലഭ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. കിഴക്കൻ മേഖലയിൽ ഫയർഫോഴ്സിന്‍റെ താൽക്കാലിക യൂനിറ്റിന് സംവിധാനം ഒരുക്കണം. ഒറ്റപ്പെട്ട മേഖലകളിൽ സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. ട്രൈബൽ മേഖലയിൽ ഭക്ഷ്യക്കിറ്റ് വിതരണം കാര്യക്ഷമാക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടി വന്നാൽ റവന്യൂ വകുപ്പ് തെരഞ്ഞെടുത്ത 22 കേന്ദ്രങ്ങളിൽ തുടങ്ങാൻ നിർദേശിച്ചു. വിവിധ വകുപ്പുകളുടെ കീഴിലുള്ള പ്രദേശത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനുണ്ടെങ്കിൽ ദുരുന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം അടിയന്തര തീരുമാനമെടുത്ത് റവന്യൂവിന് കൈമാറണം. ഒറ്റപ്പെട്ട മേഖലയായ അച്ചൻകോവിൽ, പ്രിയ എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പൊതുമരാമത്ത് റോഡുകളിൽ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡ് അടക്കം ഒരുക്കണം. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പാലങ്ങൾക്ക് ബലക്ഷയമുണ്ടോയെന്ന് പരിശോധിക്കണം. ആദിവാസി ഊരുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനും നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ വില്ലേജ്, പഞ്ചായത്ത് തലത്തിലും യോഗങ്ങൾ നടത്തി സ്ഥിതി വിലയിരുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story