Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:05 AM IST Updated On
date_range 3 Aug 2022 12:05 AM ISTകിഴക്കൻമേഖലയിൽ മഴക്ക് നേരിയ ശമനം; നാശം കുറയുന്നില്ല
text_fieldsbookmark_border
പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ ചൊവ്വാഴ്ച പകൽ ശക്തമായ മഴയില്ലാതിരുന്നത് താൽക്കാലിക ആശ്വാസമായി. എന്നാൽ, പലയിടത്തും വീടുകൾക്കും റോഡുകൾക്കും മറ്റും നാശം നേരിട്ടു. തെന്മലയിൽ റെയിൽവേ ലൈനിനോട് ചേർന്നുള്ള കുന്ന് ഇടിഞ്ഞുവീണ് മൂന്നാം വാർഡിൽ സുചിത്ര ഭവനനിൽ കൃഷ്ണവേണിയുടെ വീടിന്‍റെ ഭിത്തി തകർന്നു. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലുള്ളവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശക്തമായ മഴയിൽ തിട്ട ഇടിഞ്ഞ് വീടിനുള്ളിലേക്ക് പതിച്ചത്. കുടുംബാംഗങ്ങൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ആര്യങ്കാവ് ആനച്ചാടി പാലത്തിന് സമീപം വലിയ കുഴി രൂപപ്പെട്ടു. മുമ്പ് ചെറുതായുണ്ടായിരുന്ന കുഴി ഇപ്പോഴത്തെ മഴയിൽ വലുതായി. ദേശീയപാത അധികൃതർ സുരക്ഷ ബോർഡ് സ്ഥാപിച്ചെങ്കിലും രാത്രിയിൽ ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിലാകാനിടയുണ്ട്. ദേശീയപാതയിൽ പലയിടത്തും ഉറവകൾ രൂപപ്പെട്ടും നാശമുണ്ട്. തെന്മലമുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് പലയിടത്തും മരങ്ങൾ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് പാതയോരത്തുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് റവന്യൂ മന്ത്രിയും കലക്ടറും ഉത്തരവിട്ടിട്ടും പൂർണമായി മുറിച്ചുമാറ്റിയിട്ടില്ല. അപകട മരങ്ങൾ സംബന്ധിച്ച് പുനലൂർ ആർ.ഡി.ഒ കണക്കെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി പുനലൂർ: വെള്ളം കുറവായിരുന്ന തെന്മല പരപ്പാർ ഡാമിൽ വെള്ളം ഉയർന്നുതുടങ്ങി. വേനൽക്കാല കനാൽ ജലവിതരണത്തിന് ശേഷം കാര്യമായ മഴ ലഭിക്കാതിരുന്നതിനാൽ ഡാമിൽ വെള്ളം കുറഞ്ഞിരുന്നു. കൂടാതെ ഒരു ജനറേറ്റർ വൈദ്യുതി ഉൽപാദനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. 115.82 മീറ്റർ പൂർണ സംഭരണശേഷിയുള്ള ഡാമിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് 106.38 മീറ്റർ വെള്ളമായി. അടുത്ത ദിവസങ്ങളിലും കാര്യമായ മഴ ഉണ്ടായാലേ ഷട്ടർ തുറക്കേണ്ട അപകടനിലയിൽ വെള്ളം എത്തുകയുള്ളൂ. ഇപ്പോത്തെ സാഹചര്യത്തിൽ അപകട ഭീഷണിയില്ലെന്നും കെ.ഐ.പി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story