Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:36 AM IST Updated On
date_range 27 Jun 2022 5:36 AM ISTനെടുമൺകാവിൽ ആധുനിക മത്സ്യചന്തക്ക് അഞ്ചുകോടി
text_fieldsbookmark_border
ഓയൂർ: നെടുമൺകാവിൽ വ്യാപാര സമുച്ചയം ഉൾപ്പെടെ മത്സ്യ ചന്ത നിർമിക്കുന്നതിന് 5.2 കോടി അനുവദിച്ചു. മന്ത്രി കെ.എൻ. ബാലഗോപാലിൻെറ ശ്രമകരമായിട്ടാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. നെടുമൺകാവിൽ പ്രവർത്തിച്ചിരുന്ന ചന്തയും പഞ്ചായത്തിൻെറ അധീനതയിലുള്ള കടമുറികളും അസൗകര്യങ്ങൾക്ക് നടുവിലായിരുന്നു. കടമുറികൾ പൊളിച്ചുമാറ്റിയെങ്കിലും മതിയായ തുക ലഭിക്കാത്തതിനാൽ പുതിയ വ്യാപാര സമുച്ചയത്തിൻെറ നിർമാണം സാധ്യമായിരുന്നില്ല. നെടുമൺകാവ് കേന്ദ്രമായി ആധുനിക ചന്തയും വ്യാപാര സമുച്ചയവും വേണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് നടപ്പാകുന്നത്. 12304.675 ചതുരശ്രയടിയിലാണ് സമുച്ചയം നിർമിക്കുന്നത്. രണ്ട് ബ്ലോക്കുകളായാണ് ചന്തയും വ്യാപാര സമുച്ചയവും രൂപകൽപന ചെയ്തിട്ടുള്ളത്. മൂന്ന് നിലകളോടുകൂടിയ ഒന്നാം ബ്ലോക്കിലെ താഴത്തെ നിലയിൽ 12 കടമുറികളും ഒന്നാംനിലയിൽ മൂന്ന് ഓഫിസ് മുറികളും രണ്ടാംനിലയിൽ 250 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫിസ് മുറിയും സജ്ജീകരിക്കും. രണ്ട് നിലകൾ ഉൾക്കൊള്ളുന്ന രണ്ടാം ബ്ലോക്കായ മത്സ്യചന്ത കെട്ടിടത്തിൽ മത്സ്യവും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്നതിന് ശീതീകരിച്ച മുറികളോടുകൂടിയ സെല്ലാർ സംവിധാനം, മത്സ്യവും മറ്റും മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനായി റേഷൻ റൂം, ഗോഡൗൺ എന്നിവയും സജ്ജീകരിക്കും. മുകളിലത്തെ നിലയിൽ 10 മത്സ്യ സ്റ്റാളും എട്ട് പച്ചക്കറി സ്റ്റാളും ഒരുക്കും. എല്ലാ വിൽപനശാലകളിലും ജനങ്ങൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാവുന്നതരത്തിലാണ് സ്റ്റാളുകൾ സജ്ജീകരിക്കുക. ദിവസവും കഴുകി വൃത്തിയാക്കുന്നതിന് വേണ്ടി ടൈൽ പാകിയ തറയും വൃത്തിയാക്കുന്നതിന് വേണ്ട പ്രഷർ വാഷിങ് സംവിധാനവും ആവശ്യാനുസരണം െഡ്രയിനേജ് സംവിധാനവും ക്രമീകരിക്കും. എല്ലാ ബ്ലോക്കുകളിലും ആവശ്യമായ സ്ഥലങ്ങളിൽ ശൗചാലയങ്ങളുമുണ്ടാകും. ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതി, ബയോഗ്യാസ് പ്ലാന്‍റ്, മഴവെള്ള സംഭരണി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍റ്, പാർക്കിങ്ങിനുള്ള ക്രമീകരണങ്ങൾ, 5000 ലിറ്റർ ശേഷിയുള്ള രണ്ട് വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി സജ്ജീകരിക്കും. തീരദേശ വികസന കോർപറേഷൻ വഴി നിർവഹണം നടത്തുന്ന പദ്ധതിയുടെ ഭാഗമായി നിർമാണ സ്ഥലത്തെ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എത്രയവേഗം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story