Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:34 AM IST Updated On
date_range 25 Jun 2022 5:34 AM ISTരാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെ അതിക്രമം: വ്യാപക പ്രതിഷേധം
text_fieldsbookmark_border
കൊല്ലം: രാഹുൽ ഗാന്ധി എം.പിയുടെ വയനാട് ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദേശീയപാത ഉപരോധം ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചു. ചിന്നക്കടയിൽ വൈകീട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, പ്രതാപവർമ തമ്പാൻ, ഡി. ഗീതാകൃഷ്ണൻ, എസ്.എം. ഷെരീഫ്, ബിജു ലൂക്കോസ്, സഞ്ജീവ് കുമാർ, ആർ. രമണൻ എന്നിവർ നേതൃത്വം നൽകി. ചിന്നക്കട റെയിൽവേ മേൽപാലം ഉപരോധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ ബൈക്ക് യാത്രികൻ പ്രതിഷേധക്കാർക്കിടയിലൂടെ വാഹനം കയറ്റാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ദേശീയപാത ഉപരോധത്തിനിടയിൽ നേരിയ സംഘർഷാവസ്ഥയുമുണ്ടായി. യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അഗ്നിപഥിനെതിരായ നൈറ്റ് മാർച്ച് നടത്താൻ സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷസാധ്യത ഉടലെടുത്തത്. ബൈക്കിൽ വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസുകാർ തടഞ്ഞുനിർത്തി. കൊടിപിടിച്ചുവാങ്ങി നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിന്തിരിഞ്ഞ് പോയെങ്കിലും പിന്നാലെ വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്തെത്തി. സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് കണ്ട് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതോടെ പ്രശ്നങ്ങൾ ഇല്ലാതെ ഇരുവിഭാഗവും പിരിഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story