Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:28 AM IST Updated On
date_range 3 Jun 2022 5:28 AM ISTമത്സ്യഫെഡ്: 'അന്തിപ്പച്ച'യിലെ അഴിമതി കണ്ടെത്തിയപ്പോൾ തന്നെ നടപടിയെടുത്തു -ചെയർമാൻ
text_fieldsbookmark_border
കൊല്ലം: മത്സ്യഫെഡിൻെറ മത്സ്യവിപണന സംരംഭമായ 'അന്തിപ്പച്ച'യിലെ വിറ്റുവരവ് തുക ജീവനക്കാർ തട്ടിച്ചത് കണ്ടെത്തിയപ്പോൾ തന്നെ നടപടി സ്വീകരിച്ചതായി ചെയർമാൻ ടി. മനോഹരൻ. വാർഷിക അവലോകനത്തിനിടയിൽ കണക്കുകളിലെ പൊരുത്തക്കേട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് താൻ നൽകിയ നിർദേശത്തിൽ നടത്തിയ പരിശോധനയിലാണ് അഴിമതി നടന്നതായി കണ്ടെത്തിയതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊല്ലം ശക്തികുളങ്ങരയിലുള്ള കോമൺ പ്രോസസിങ് സെന്‍ററിലെ വിറ്റുവരവ് തുകയിൽനിന്ന് 93.75 ലക്ഷം രൂപ രണ്ട് ജീവനക്കാർ ചേർന്ന് തട്ടിച്ചതായാണ് മത്സ്യഫെഡ് ധനകാര്യവിഭാഗം നടത്തിയ വിശദ അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്ന് ആരോപണവിധേയരായ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു, സ്ഥിരം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ജില്ല പൊലീസ് മേധാവിയെ കണ്ട് സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നാല് 'അന്തിപ്പച്ച' വാഹനങ്ങളാണ് കൊല്ലം സെന്‍ററിൻെറ കീഴിലുള്ളത്. വിൽപന സംബന്ധിച്ച് സമാഹരണ റിപ്പോർട്ടും വിൽപന തുകയും അടുത്ത ദിവസം അക്കൗണ്ട്സ് വിഭാഗത്തിന് നൽകുകയാണ് ചെയ്യുന്നത്. വിൽപനക്കാർ കൃത്യമായി എത്തിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് അടക്കാൻ ചുമതലപ്പെട്ട അനിമോൻ, താൽക്കാലിക ജീവനക്കാരൻ എം. മഹേഷ് എന്നിവർ കണക്കുകളിൽ കൃത്രിമം കാട്ടി, പണം ബാങ്കിൽ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയായിരുന്നു. അന്തിപ്പച്ച യൂനിറ്റ് ആരംഭിച്ച 2018 വർഷം മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ 93.75 ലക്ഷം രൂപയുടെ കുറവുണ്ടായതിൽ 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 75 ലക്ഷം രൂപയാണ് തട്ടിച്ചത്. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന വാർഷിക അവലോകനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കവേ, ശക്തികുളങ്ങര സെന്‍ററിലെ വിറ്റുവരവിൽ വ്യത്യാസം കണ്ടത് വിശദമായി പരിശോധിക്കണമെന്ന് ചെയർമാനും എം.ഡിയും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ധനകാര്യ വിഭാഗത്തിലെ അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ വിഭാഗത്തിൽ നിന്നുള്ള ഓഡിറ്റ് സംഘം പോലും ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നില്ല. ഇക്കാര്യത്തിൽ മത്സ്യഫെഡിൻെറ അമർഷം സഹകരണ വകുപ്പിനെ അറിയിക്കും. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ വിശദ അന്വേഷണം നടത്തും. അഴിമതിക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. മത്സ്യഫെഡ് തന്നെ കണ്ടെത്തിയ അഴിമതിയുടെ കാര്യത്തിൽ മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭരണസമിതിയംഗം ജി. രാജാദാസ്, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. അനിൽ, മത്സ്യഫെഡ് കൊല്ലം ജില്ല മാനേജർ നൗഷാദ്, അക്കൗണ്ട്സ് ഓഫിസർ എസ്. സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story